kanam

ചാത്തന്നൂർ: കേരളത്തിലെ രാഷ്ട്രീയ അതിർവരമ്പ് നിശ്ചയിക്കേണ്ടത് എൻ.എസ്.എസിനെപ്പോലുള്ള സംഘടനകളല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ആദ്യ ഇ.എം.എസ് സർക്കാരിനെ സാമുദായിക ശക്തികൾ സംഘടിച്ച് പുറത്താക്കിയത് മറന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചാത്തന്നൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി ജി.എസ്. ജയലാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചാത്തന്നൂർ പി. രവീന്ദ്രൻ സ്മാരകത്തിലെത്തിയതായിരുന്നു കാനം.

രാജ്യത്ത് മറ്റെല്ലായിടത്തും ഇടതുപക്ഷത്തോട് അടുപ്പം കാട്ടുന്ന കോൺഗ്രസിന് കേരളത്തിൽ പ്രണയം ബി.ജെ.പിയോടാണ്. കോൺഗ്രസിന്റെ വോട്ട് കിട്ടിയതുകൊണ്ടാണ് ജയിച്ചതെന്ന് ഒ. രാജഗോപാൽ തുറന്ന് സമ്മതിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ വർഗീയതയ്ക്കെതിരായ ബി.ജെ.പി വിരുദ്ധ ചേരിയിലെ ഇടതുപക്ഷത്തിന്റെ സഹയാത്രികരാണ് കോൺഗ്രസ്. അവർ കേരളത്തിൽ ബി.ജെ.പിക്ക് അനുകൂലമായി ഇടതുവിരുദ്ധ വർഗീയ നിലപാട് എടുക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.