farmers-suicide

കോഴിക്കോട്: വില്ലേജ് ഓഫീസിനു മുന്നിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ചെമ്പനോട വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസിനെ വെറുതെവിട്ടു. കോഴിക്കോട് അഡീഷണൽ ജില്ലാ കോടതിയാണ് വെറുതെവിട്ടത്. സത്യസന്ധനായ ഉദ്യോഗസ്ഥനെ കളളക്കേസിൽ കുടുക്കിയെന്ന് കോടതി പരാമർശിച്ചു. സിലീഷിനെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു.

2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വില്ലേജ് ഓഫിസ് അധികൃതർ ഭൂനികുതി സ്വീകരിക്കാത്തതിനെ തുടർന്ന് മലയോരമേഖലയായ ചെമ്പനോടയിലെ കാവിൽ പുരയിടം തോമസ് (ജോയി-58) വില്ലേജ് ഓഫിസിന്റെ വരാന്തയിൽ ജീവനൊടുക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചെമ്പനോട വില്ലേജ് ഓഫിസർ ടി.എ. സണ്ണിയെയും സിലീഷിനെയും കലക്ടർ സസ്‌പെൻഡ് ചെയ്തിരുന്നു. ഭാര്യയുടെ പേരിലുള്ള 80 സെന്റ് ഭൂമിയുടെ ഇക്കൊല്ലത്തെ നികുതി സ്വീകരിക്കാത്തതിനെ തുടർന്നായിരുന്നു ആത്മഹത്യ.

തോമസിന്റെ ഭൂനികുതി സ്വീകരിക്കുന്ന കാര്യത്തിൽ ഉദ്യോഗസ്ഥർ മനഃപൂർവമായ കാലതാമസം വരുത്തിയതായി റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ ചെമ്പനോട വില്ലേജ് ഓഫിസിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചെന്നായിരുന്നു കണ്ടെത്തൽ. നികുതി രസീതും കൈവശാവകാശ സർട്ടിഫിക്കറ്റും ലഭിക്കാത്തതുമൂലം വായ്പയെടുക്കാനാവാത്തതു കുടുംബത്തെ പ്രതിസന്ധിയിലാക്കിയിരുന്നു.