
കൊല്ലം: ആത്മീയാചാര്യനായ ശ്രീ എമ്മിന്റെ മദ്ധ്യസ്ഥതയിൽ ആർഎസ്എസുമായി ചർച്ച നടത്തിയത് എന്തിനെന്ന് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കുടുംബയോഗങ്ങളിൽ വിശദീകരിച്ച് സിപിഎം. നാട്ടിൽ സമാധാനം സൃഷ്ടിക്കാനും ജീവനും സ്വത്തിനും സംരക്ഷണം നൽകാനും വേണ്ടിയാണ് ചർച്ച നടത്തിയതെന്നും അത് സംഘ്പരിവാർ ബന്ധമെന്ന രീതിയിൽ വളച്ചൊടിക്കപ്പെടുകയായിരുന്നു എന്നും പാർട്ടി വിശദീകരിക്കുന്നത്.
ഇത് സംബന്ധിച്ച് കുടുംബയോഗങ്ങളിൽ പ്രസംഗങ്ങൾ നടത്താനായി പാർട്ടിയുടെ പ്രാദേശിക നേതാക്കൾക്ക് സിപിഎം കുറിപ്പുകളും നൽകിയിട്ടുണ്ട്. വിഷയം സംബന്ധിച്ച എല്ലാ വിശദാംശങ്ങളും ഉൾപ്പെടുത്തിയ 48 പേജുള്ള കുറിപ്പാണ് നേതാക്കൾക്ക് ലഭിച്ചിരിക്കുന്നത്.
ഓരോ പ്രദേശത്തിന്റെയും സ്വഭാവത്തെ മനസിലാക്കി ജനത്തിന് താത്പര്യമുള്ള വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് സ്വന്തം ശൈലിയില്‍ ഇക്കാര്യം അവതരിപ്പിക്കാനുള്ള നിർദ്ദേശമാണ് നേതാക്കൾക്ക് ലഭിച്ചിരിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിക്കുന്നതിനൊപ്പം പാർട്ടിയുടെ എതിരാളികള്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് മറുപടി നൽകണമെന്നും നിർദ്ദേശമുണ്ട്. ആഴക്കടല്‍ മത്സ്യൂബന്ധനക്കരാര്‍, പിഎസ്‌സി സമരം എന്നീ വിഷയങ്ങളിളെല്ലാം മറുപടി നൽകണം. ഒപ്പം ഭരണ നേട്ടങ്ങളുടെ സംക്ഷിപ്തരൂപവും സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് കിട്ടിയ അംഗീകാരങ്ങളും രണ്ട് ഭാഗങ്ങളായി കുറിപ്പിലുള്ളത് ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുകയും വേണം.