moratorium

ന്യൂഡൽഹി: മോറട്ടോറിയം കാലത്ത് വായ്‌പാ ഇടപാടുകാരിൽ നിന്ന് ഈടാക്കിയ പിഴപ്പലിശ തിരിച്ചുനൽകേണ്ട ബാദ്ധ്യത ബാങ്കുകൾ ഏറ്റെടുത്തേക്കും. രണ്ടുകോടി രൂപവരെ വായ്‌പകളുള്ള ഇടപാടുകാരുടെ മൊത്തം പിഴപ്പലിശയായ 6,500 കോടി രൂപ കേന്ദ്രസർക്കാരാണ് വീട്ടിയത്. എല്ലാ വായ്‌പകളുടെയും പിഴപ്പലിശ ഒഴിവാക്കണമെന്നാണ് കഴിഞ്ഞദിവസം സുപ്രീംകോടതി ഉത്തരവിട്ടത്. അതായത്, രണ്ടുകോടി രൂപയ്ക്കുമേലുള്ള വായ്‌പകളുടെ പിഴപ്പലിശയും ഉപഭോക്താക്കൾക്ക് തിരിച്ചുകൊടുക്കണം. ഇത് ഏകദേശം 7,500കോടി രൂപ വരും.

കോടതിയുടെ പുതിയ ഉത്തരവ് പ്രകാരമുള്ള ബാദ്ധ്യത ഏറ്റെടുക്കണമെന്ന് നിർദേശിച്ച് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐ.ബി.എ) ബാങ്കുകൾക്ക് കത്ത് നൽകിയിട്ടുണ്ട്. ഇതുവഴി ബാങ്കുകൾക്കുണ്ടാകുന്ന ബാദ്ധ്യത വീട്ടാൻ കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്യാമെന്നും കത്തിൽ പറയുന്നു. എന്നാൽ, ഇക്കുറി ബാദ്ധ്യത കേന്ദ്രം ഏറ്റെടുക്കാനിടയില്ല. പിഴപ്പലിശ തിരിച്ചുനൽകേണ്ട സമയപരിധി കോടതി ഉത്തരവിലില്ലെങ്കിലും ഏപ്രിൽ മുതൽ ബാങ്കുകൾ റീഫണ്ട് ചെയ്യാനാണ് സാദ്ധ്യത.

മോറട്ടോറിയം കാലം

കിട്ടാക്കടത്തിൽ വരില്ല

വായ്‌പകളെ കിട്ടാക്കടമായി (എൻ.പി.എ) പ്രഖ്യാപിക്കുമ്പോൾ മോറട്ടോറിയം കാലയളവ് ഒഴിവാക്കണമെന്ന് ബാങ്കുകളോട് ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ നിർദേശിച്ചു. എം.എസ്.എം.ഇ., വിദ്യാഭ്യാസ വായ്‌പ, ഭവന വായ്‌പ, വാഹന വായ്‌പ, ക്രെഡിറ്റ് കാർഡ് കുടിശിക, ഉപഭോക്തൃ വായ്‌പ, പ്രൊഫഷണലുകൾക്കുള്ള വ്യക്തിഗത വായ്‌പ എന്നിവയ്ക്കായിരുന്നു കഴിഞ്ഞ മാർച്ച് ഒന്നുമുതൽ ആഗസ്‌റ്റ് 31 വരെ മോറട്ടോറിയം. ഈ വായ്‌പകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് സുപ്രീംകോടതിയുടെ ഉത്തരവുമുണ്ട്.

മോറട്ടോറിയം നേടിയവർ

പൊതുമേഖലാ ബാങ്കുകളിലെ മൊത്തം ഉപഭോക്താക്കളിൽ 25 ശതമാനവും മൊത്തം വായ്‌പകളിൽ 36.7 ശതമാനവും മോറട്ടോറിയം സ്വീകരിച്ചു. സ്വകാര്യ ബാങ്കുകളിൽ മോറട്ടോറിയം നേടിയ ഉപഭോക്താക്കൾ 16.4 ശതമാനവും വായ്‌പാ വിഹിതം 23.2 ശതമാനവുമാണ്. എൻ.ബി.എഫ്.സികളിൽ ഉപഭോക്തൃവിഹിതം 42.7 ശതമാനം; വായ്‌പാവിഹിതം 37.2 ശതമാനം.