
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ അപമാനിച്ച് ഡി.എം.കെ നേതാവ്
എ. രാജ നടത്തിയ വിവാദ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.
ബി.ജെ.പി തമിഴ്നാട് അദ്ധ്യക്ഷൻ എൽ. മുരുകന്റെ പ്രചാരണാർത്ഥം ഇന്നലെ തമിഴ്നാട്ടിലെ ധാരാപുരത്ത് നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'തമിഴ്നാടിന്റെ സ്ത്രീ ശക്തിയെ ആക്രമിക്കാൻ യു.പി.എ അടുത്തിടെ കാലഹരണപ്പെട്ട ടുജി മിസൈൽ വിക്ഷേപിച്ചുവെന്ന്' രാജയുടെ പേര് പരാമർശിക്കാതെ മോദി പറഞ്ഞു. ടുജി സ്‌പെക്ട്രം അഴിമതിയിൽ യു.പി.എ സർക്കാരിൽ ടെലികോം മന്ത്രിയായിരുന്ന എ. രാജയുടെ പങ്ക് സൂചിപ്പിച്ചായിരുന്നു മോദിയുടെ പരിഹാസം.
'ഏതാനും ദിവസങ്ങൾക്കു മുമ്പ് തമിഴ്നാടിന്റെ സ്ത്രീശക്തിയെ അപമാനിക്കണമെന്ന ലക്ഷ്യത്തോടെ ടു.ജി മിസൈൽ യു.പി.എ വിക്ഷേപിച്ചു. ഇന്നവർ മുഖ്യമന്ത്രിയുടെ ബഹുമാന്യയായ അമ്മയെ അപമാനിച്ചു. നാളെ അവർ അധികാരത്തിലെത്തിയാൽ തമിഴ്നാട്ടിലെ മറ്റ് അനേകം സ്ത്രീകളെ അപമാനിക്കും.' - മോദി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മരിച്ചുപോയ അമ്മയെക്കുറിച്ച് നടത്തിയ പരാമർശത്തിൽ എ. രാജ കഴിഞ്ഞദിവസം മാപ്പ് പറഞ്ഞിരുന്നു.
വ്യാപക പ്രതിഷേധവുമായി തമിഴ്‌മക്കൾ
മോദിയുടെ തമിഴ്നാട് സന്ദർശനത്തോടനുബന്ധിച്ച് വ്യാപക പ്രതിഷേധവുമായി കർഷകരും മറ്റു സംഘടനകളും രംഗത്തെത്തി. 'ഗോ ബാക്ക് മോദി' പ്ളക്കാർഡുകളും കറുത്ത കൊടികളും ഉയർത്തി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച സ്ത്രീകളടക്കം നൂറോളം പേരെ കോയമ്പത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു.
മോദിയുടെയും ശ്രീലങ്കൻ നേതാവ് മഹിന്ദ രാജപക്സൈയുടെയും ചിത്രങ്ങൾ പതിച്ച് 'മോദി എഗെയ്ൻസ്റ്റ് തമിഴ്' എന്നെഴുതിയ പ്ലക്കാർഡുകളും പ്രതിഷേധക്കാർ ഉയർത്തിയിരുന്നു.
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കർഷകരുടെ പ്രതിഷേധം. 'ഗോ ബാക്ക് മോദി' ഹാഷ്‌ടാഗ് ട്വിറ്ററിലും ട്രെൻഡിംഗായി.