
നേപ്പിയർ : ന്യൂസിലാൻഡും ബംഗ്ലദേശും തമ്മിൽ നേപ്പിയറിലെ മക്‌ലീൻ പാർക്കിൽ നടന്ന രണ്ടാം ട്വന്റി-20 മത്സരത്തിനിടെ നാടകീയ നിമിഷങ്ങൾ. ഇടയ്ക്കിടെ മഴ പെയ്തതോടെ പലതവണ നിർത്തിവച്ച മത്സരത്തിൽ, രണ്ടാമതു ബാറ്റു ചെയ്ത ബംഗ്ലദേശ് വിജയലക്ഷ്യം എത്രയെന്ന് അറിയാതെയാണ് ചേസിംഗിനിറങ്ങിയത്. ഇത് തിരിച്ചറിഞ്ഞതോടെ മത്സരം നിർത്തിവച്ചു. ചേസിംഗ് അവസാന ഓവറുകളിലേക്ക് കടന്നപ്പോൾ വീണ്ടും വിജയലക്ഷ്യം പുനർനിർണയിച്ചത് ആശയക്കുഴപ്പം വർദ്ധിപ്പിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ആതിഥേയരായ ന്യൂസിലാൻഡ്, 17.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് എന്ന നിലയിൽ നിൽക്കെ മഴകാരണം മത്സരം നിർത്തിവച്ചു. തുടർന്ന് ഓവറുകൾ വെട്ടിച്ചുരുക്കി ബംഗ്ലദേശ് മറുപടി ബാറ്റിങ്ങിന് ഇറങ്ങി. 16 ഓവറിൽ 171 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശിന് നേടാനായത് ഏഴു വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് മാത്രം. മഴനിയമപ്രകാരം ന്യൂസീലൻഡിന്റെ വിജയം 28 റൺസിന്! ഇതോടെ മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയും ന്യൂസീലൻഡ് ഉറപ്പാക്കി. ഒന്നാം ട്വന്റി20യിൽ ന്യൂസീലൻഡ് 66 റൺസിന് ജയിച്ചിരുന്നു. പരമ്പരയിലെ അവസാന മത്സരം വ്യാഴാഴ്ച ഓക്‌ലൻഡിൽ നടക്കും.