
ആലപ്പുഴ: മുതിർന്ന സി.പി.എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്റെ സഹോദരപുത്രൻ കോൺഗ്രസിലേക്ക്. പുന്നപ്ര വടക്ക് പഞ്ചായത്ത് കളർകോട് വല്ലയിൽ വീട്ടിൽ ജി. പീതാംബരനാണ് കോൺഗ്രസിൽ ചേർന്നത്. വി.എസിന്റെ ജ്യേഷ്ഠൻ ഗംഗാധരന്റെ പുത്രനാണ് ഇദ്ദേഹം.
സി.പി.എം പ്രവർത്തകനായിരുന്ന പീതാംബരൻ സി.ഐ.ടിയുവിന്റെ നോക്കുകൂലി പ്രശ്നവുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് മുൻപ് പാർട്ടി വിട്ടിരുന്നു. പിന്നീട് സി.പി.ഐയിൽ ചേർന്നെങ്കിലും അധികകാലം അവിടെയും തുടർന്നില്ല.
അമ്പലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും ഡി.സി.സി അദ്ധ്യക്ഷനുമായ അഡ്വ. എം. ലിജുവിന്റെ നേതൃത്വത്തിൽ പീതാംബരനെ കോൺഗ്രസിലേക്ക് സ്വീകരിച്ചു. തിരഞ്ഞെടുപ്പിൽ ലിജുവിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് പീതാംബരൻ വ്യക്തമാക്കി.