
യങ്കൂൺ: ജനകീയ പ്രക്ഷോഭകർക്കെതിരെ സൈനിക അതിക്രമം രൂക്ഷമായിരിക്കുന്ന മ്യാൻമറിൽ ഇതുവരെ 500 ലധികം പ്രതിഷേധക്കാരെ സൈന്യം കൊന്നൊടുക്കിയതായി സൂചന.
ഫെബ്രുവരി ഒന്നു മുതൽ മാർച്ച് മാസം 29 വരെയുള്ള കണക്കുകളാണിത്. രാഷ്ട്രീയ തടവുകാരെ ഒന്നിപ്പിക്കുന്ന എ.എ.പി.പി എന്ന സംഘടനാ പ്രതിനിധികളാണ് കണക്കുകൾ പുറത്തുവിട്ടത്. ഇതുവരെ 2574 പേരെയാണ് സൈനിക ഭരണകൂടം തടവിലാക്കിയിരിക്കുന്നത്.ഇതിനൊപ്പം 120 പേർക്ക് അറസ്റ്റ് വാറന്റും പുതിയതായി പുറപ്പെടുവിച്ചെന്നാണ് വിവരം. ഇതിനിടെ മ്യാൻമറിൽ പട്ടാള വെടിവയ്പ്പിൽ കൊല്ലപ്പെട്ടയാളുടെ സംസ്കാര ചടങ്ങിനു നേരെ പട്ടാളം വെടിയുതിർത്തു. ശനിയാഴ്ച കൊല്ലപ്പെട്ടവരിൽ ഒരാളുടെ സംസ്കാരം നടക്കവെയാണ് വെടിവെപ്പുണ്ടായത്. ശനിയാഴ്ച ആറ് കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്.
അതേ സമയം രാജ്യത്ത് നരനായാട്ട് രൂക്ഷമായി തുടരുമ്പോൾ മ്യാൻമറിൽ നിന്ന് അയൽരാജ്യമായ തായ്ലന്റിലേക്ക് അഭയാർഥി പ്രവാഹം. മുതിർന്നവരും കുട്ടികളും ഉൾപ്പെടെ 3000 പേരാണ് സൽവീൻ നദി കടന്ന് തായ്ലന്റിലെ മാ ഹോങ്‌സോൻ പ്രവിശ്യയിലെത്തിയത്. പ്രതിഷേധക്കാരെ തെരുവിൽ തോക്കുമായി നേരിട്ട സൈന്യം ഞായറാഴ്ച അർധരാത്രി മുതൽ വ്യോമാക്രമണവും ആരംഭിച്ചിരുന്നു.
ആക്രമണ പശ്ചാത്തലത്തിൽ അതിർത്തി ഗ്രാമങ്ങളിൽനിന്ന് കൂടുതൽ പേർ എത്തുമെന്നിരിക്കെ ഭരണകൂടം അതിനായി ക്രമീകരണങ്ങൾ ആരംഭിച്ചതായി തായ്ലന്റ് പ്രധാനമന്ത്രി പ്രയുത് ചാൻ ഓച വ്യക്തമാക്കി.
ആഭ്യന്തര യുദ്ധം രൂക്ഷമാവുന്ന അയൽരാജ്യമായ മ്യാന്മറിൽനിന്ന് പലായനം ചെയ്‌തെത്തുന്നവരെ പ്രോത്സാഹിപ്പിക്കില്ലെന്ന നിലപാടിൽ ഇന്ത്യ.
കടുത്ത പരിക്കുകളുമായി എത്തുന്നവർക്ക് മാനുഷിക പരിഗണന നൽകാമെങ്കിലും അഭയാർഥികളെ മാന്യമായി മടക്കിയയക്കാനാണ് നിർദേശം.