കൊല്ലം: പാവങ്ങൾക്ക് നീതിനിഷേധിക്കുന്ന നിയമങ്ങൾ മാറ്റിയെഴുതണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വെള്ളാപ്പള്ളി നടേശൻ സ്നേഹഭവനം പദ്ധതിയുടെ മൂന്നാംഘട്ടമായി കൊല്ലം യൂണിയൻ നിർമ്മിച്ചുനൽകിയ ആറ് വീടുകളുടെ താക്കോൽദാനവും ഏകാത്മകം മെഗാ ഇവന്റിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തമായി ഭൂമിയും വീടുമില്ലാത്ത ലക്ഷക്കണക്കിന് പേർ ഇപ്പോഴുമുണ്ട്. അതിലേറെയും ഈഴവ പിന്നാക്ക വിഭാഗക്കാരാണ്. കുടുംബം പുലർത്താൻ തൊഴിലുറപ്പിന് പോവുന്ന ഇവർ ഒരുദിവസം ജോലിക്ക് പോയില്ലെങ്കിൽ കുടുംബം പട്ടിണിയിലാകും. ഇവിടത്തെ നിയമങ്ങളും ചട്ടങ്ങളുമാണ് ഇതിന്റെ കാരണം. പാവപ്പെട്ടവരെ കണ്ടെത്തി അവർക്ക് വീട് നിർമ്മിച്ചുനൽകുന്ന കൊല്ലം യൂണിയന്റെ പ്രവർത്തനം മാതൃകാപരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ. രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡംഗം പ്രീതി നടേശൻ, യോഗം കൗൺസിലർ പി. സുന്ദരൻ, യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ, മഹിമ അശോകൻ, അനിൽ മുത്തോടം, ശ്രീനാരായണ എംപ്ലോയീസ് ഫോറം കോ- ഓർഡിനേറ്റർ പി.വി. രജിമോൻ, കേന്ദ്ര സമിതി പ്രസിഡന്റ് എസ്. അജുലാൽ തുടങ്ങിയവർ പങ്കെടുത്തു.