check

കൊച്ചി: മറ്റ് ബാങ്കുകളിൽ ലയിച്ച എട്ട് പൊതുമേഖലാ ബാങ്കുകളുടെ ചെക്ക് ബുക്കുകൾ പുതിയ സാമ്പത്തിക വർഷം (2021-22) ആരംഭിക്കുന്ന നാളെമുതൽ (ഏപ്രിൽ ഒന്ന്) അസാധുവാകും. വിജയ ബാങ്ക്, കോർപ്പറേഷൻ ബാങ്ക്, ദേന ബാങ്ക്, ആന്ധ്രാ ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക്, ഓറിയന്റൽ ബാങ്ക് ഒഫ് കൊമേഴ്‌സ്, അലഹാബാദ് ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഒഫ് ഇന്ത്യ എന്നിവയുടെ ചെക്ക് ബുക്കുകളാണ് അസാധുവാകുക. ഇതുൾപ്പെടെ മറ്റു ചില മാറ്റങ്ങളും നാളെമുതലുണ്ടാകും.

ഓറിയന്റൽ ബാങ്ക് ഒഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഒഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷണൽ ബാങ്കിലും സിൻഡിക്കേറ്ര് ബാങ്ക് കനറാ ബാങ്കിലും അലഹാബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിലും ആന്ധ്രാ ബാങ്കും കോർപ്പറേഷൻ ബാങ്കും യുണിയൻ ബാങ്ക് ഒഫ് ഇന്ത്യയിലുമാണ് ലയിച്ചത്. ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവയെ ബാങ്ക് ഒഫ് ബറോഡയിലും ലയിപ്പിച്ചിരുന്നു.

 ചെക്ക് ബുക്ക്

നിലവിലെ ചെക്ക് ബുക്ക് നാളെ അസാധുവാകും. ഉദാഹരണത്തിന് യുണൈറ്റഡ് ബാങ്ക് ഒഫ് ഇന്ത്യ ഉപഭോക്താവിന്റെ കൈവശമുള്ള ചെക്ക് ബുക്ക് നാളെ മുതൽ ഉപയോഗിക്കാനാവില്ല. പകരം, ബാങ്ക് ലയിച്ച പ‌ഞ്ചാബ് നാഷണൽ ബാങ്കിന്റെ ചെക്ക് ബുക്ക് വാങ്ങണം. അതേസമയം, ചില ബാങ്കുകൾക്ക് റിസർവ് ബാങ്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. സിൻഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിൽ ലയിച്ചിരുന്നു; എന്നാൽ, സിൻഡിക്കേറ്റ് ബാങ്കിന്റെ ചെക്ക് ഉപഭോക്താവിന് ജൂൺ 30 വരെ ഉപയോഗിക്കാം.

 ഐ.എഫ്.എസ് കോഡ്

നിങ്ങളുടെ ബാങ്ക് മറ്റൊരു ബാങ്കിൽ ലയിച്ചെങ്കിൽ ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.സ് കോഡ്, എം.ഐ.സി.ആർ കോഡ് (മാഗ്‌നെറ്റിക് ഇൻക് കാരക്‌ടർ റെക്കഗ്നീഷൻ കോഡ്) എന്നിവയിലും മാറ്റമുണ്ടായേക്കാം. ഇക്കാര്യം ഉപഭോക്താവ് ബാങ്കുമായി നേരിട്ട് ബന്ധപ്പെട്ട് വ്യക്തതവരുത്തണം. ഇല്ലെങ്കിൽ വായ്‌പാത്തിരിച്ചടവ്, ഓൺലൈൻ പേമെന്റ്, ബിൽ പേമെന്റ്, മ്യൂച്വൽഫണ്ട് നിക്ഷേപം എന്നിവയിൽ തടസം നേരിടാനിടയുണ്ട്.

 ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്

നിലവിലെ കാർഡിന്റെ കാലാവധി അവസാനിക്കുംവരെ ഉപഭോക്താവിന് ഉപയോഗിക്കാം. കാലാവധി അവസാനിക്കുമ്പോൾ ലഭിക്കുക പുതിയ ബാങ്കിന്റെ കാർഡായിരിക്കും.

 വായ്‌പയും നിക്ഷേപവും

ലയനാനന്തരം വായ്‌പകളുടെയും സ്ഥിരനിക്ഷേപങ്ങളുടെയും പലിശനിരക്ക് മാറാനിടയുണ്ട്. ഇക്കാര്യം ഉപഭോക്താവ് ബാങ്കുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തണം. സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിലവിലെ നിരക്കിൽ തന്നെ തുടരുമെങ്കിലും പുതുക്കൽ (റിന്യൂവൽ) വേളയിൽ നിരക്ക് മാറും.

റെക്കറിംഗ് പേമെന്റിന്

പുതിയ നിയമം

ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്ന് ഓട്ടോമാറ്റിക്കായി പണം പിൻവലിക്കുന്നതിന് (ഓട്ടോമാറ്റിക് റെക്കറിംഗ് പേമെന്റ്) അഡിഷണൽ ഫാക്‌ടർ ഒഫ് ഓതന്റിക്കേഷൻ (എ.എഫ്.എ) നാളെ പ്രാബല്യത്തിൽ വരും. ഇ.എം.ഐ., യൂട്ടിലിറ്റി ബില്ലുകൾ, ഫോൺ റീചാർജ്, ഒ.ടി.ടി ഫീസ്, ഡി.ടി.എച്ച് നിരക്ക് തുടങ്ങിയവയ്ക്കാണ് ഇതു ബാധകം. 5,000 രൂപയ്ക്കുമേലുള്ള ഇടപാടുകൾ ഉപഭോക്താവിന് ഒ.ടി.പി നമ്പർ അയച്ച് സ്ഥിരീകരിക്കണമെന്നാണ് നിർദേശം. ചില ബാങ്കുകളും എൻ.ബി.എഫ്.സികളും പുതിയ സംവിധാനം നടപ്പാക്കാൻ കൂടുതൽ സമയം തേടിയിട്ടുണ്ട്.