suresh-gopi

തൃശൂർ: രാജ്യസഭാംഗവും തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. എൽ.ഡി.എഫ് തൃശൂർ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയും ഇലക്ഷൻ ഏജന്റുമായ അഡ്വ. കെ.ബി. സുമേഷ് ആണ് പരാതി നൽകിയത്.

തൃശൂർ ശക്തൻ നഗർ മാർക്കറ്റിൽ വോട്ടഭ്യർത്ഥിച്ച് എത്തിയ വേളയിൽ വോട്ടർമാർക്ക് സുരേഷ് ഗോപി ചില വാഗ്ദാനങ്ങൾ നൽകിയിരുന്നു. അദ്ദേഹം സ്വന്തം കൈയിൽനിന്നോ എം.പി ഫണ്ടിൽനിന്നോ ഒരു കോടി രൂപ ചെലവഴിച്ച് തൃശൂർ ശക്തൻ മാർക്കറ്റ് നവീകരിക്കുമെന്നാണ് വാഗ്ദാനം ചെയ്തത്. ഇത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് പരാതിയിൽ പറയുന്നു.

സുരേഷ് ഗോപി തന്റെ നാമനിർദേശപത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ 68 ലക്ഷം രൂപയുടെ ബാദ്ധ്യതയുണ്ടെന്നാണ് കാണിച്ചിരിക്കുന്നത്. കേവലം 40000 രൂപ മാത്രമാണ് തന്റെ കൈവശമുള്ളതെന്നും ഭാര്യയുടെ കൈവശം 25000 രൂപയും വിവിധ അക്കൗണ്ടുകളിലായി 10 ലക്ഷം രൂപയുടെ നിക്ഷേപവും ഉണ്ടെന്നും പറഞ്ഞിരിക്കുന്നു. ആകെ സ്വത്തുക്കളുടെ മൂല്യം 2.16 കോടി വരുമെന്നും സുരേഷ് ഗോപി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

തന്റെ കൈയിൽ നിന്നും പണം ചെലവഴിച്ചായാലും ശക്തൻ മാർക്കറ്റ് നവീകരിക്കുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ആളുകളെ കബളിപ്പിക്കലാണ്. ഇങ്ങനെയൊരു വാഗ്ദാനം നൽകിയ സുരേഷ് ഗോപി സത്യവാങ്മൂലത്തിൽ കള്ളം പറഞ്ഞിരിക്കുന്നതായി സംശയിക്കണം. എം.പി എന്ന നിലയിൽ സുരേഷ് ഗോപി പദവി ദുരുപയോഗിക്കുക കൂടി ചെയ്തിരിക്കുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

കോർപറേഷൻ അധികൃതരുടെ മുൻകൂർ അനുമതി വാങ്ങാതെ ശക്തൻ നഗറിലെ ശക്തൻ തമ്പുരാന്റെ പ്രതിമയിൽ കോണി വെച്ചുകെട്ടി മാലയിട്ട സുരേഷ് ഗോപിയുടെ നടപടിയും ചട്ടലംഘനമാണ്. അതിനു പുറമേ, ശ്രീ വടക്കുന്നാഥ ക്ഷേത്രത്തിന്റെ ചിത്രം മുദ്രണം ചെയ്ത പോസ്റ്ററുകളാണ് സുരേഷ് ഗോപിയുടെ പ്രചരണാർത്ഥം നഗരത്തിലും ബി.ജെ.പി യുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഉപയോഗിച്ചുവരുന്നത്. ഇതും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്നും എൽ.ഡി.എഫ് ആരോപിക്കുന്നു.

രാജ്യസഭ എം.പി എന്ന പദവിയില്‍ ഇരിക്കുന്ന സുരേഷ് ഗോപിയുടെ ചട്ടലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണം. പരാജയഭീതിയില്‍ എന്തെങ്കിലുമൊക്കെ വിളിച്ചുപറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്ന നടപടി അദ്ദേഹം അവസാനിപ്പിക്കണമെന്നും എല്‍.ഡി.എഫ് തൃശൂര്‍ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് കെ.വി. ഹരിദാസ്, സെക്രട്ടറി കെ.ബി സുമേഷ് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.