
രാഹുൽഗാന്ധിയ്ക്കെതിരെ ഇടുക്കി മുൻ എം.പി ജോയ്സ് ജോർജ് നടത്തിയ അശ്ലീല പരാമർശത്തിൽ വ്യാപക പ്രതിഷേധമാണുയരുന്നത്.മുഖ്യമന്ത്രിയും സി.പി.എമ്മും പ്രസ്താവന തള്ളിയതോടെ പരസ്യമായി മാപ്പ് പറഞ്ഞെങ്കിലും വിട്ടുകളയാൻ സ്ത്രീസമൂഹം തയാറല്ല. പ്രമുഖർ പ്രതികരിക്കുന്നു.
പുരുഷൻമാരെ തിരുത്താൻ സമയമില്ല
ഇടതോ,വലതോ, എൻ.ഡി.എയെയോ, ഏതു പക്ഷമായാലും അതിനുള്ളിൽ ആൺപക്ഷമെന്നൊരു ആദിമപക്ഷമുണ്ട്. ഒരിക്കലും വളരാനും വികസിക്കാനും കൂട്ടാക്കാത്ത പ്രാകൃതപക്ഷം.അതേക്കുറിച്ച് സംസാരിക്കാൻ ലജ്ജയുണ്ട്. കാരണം ഞങ്ങൾ സ്ത്രീകൾ വളരെയേറെ ദൂരം മുന്നോട്ട് ഓടിക്കഴിഞ്ഞവരാണ്. പുരുഷൻമാരെ തിരുത്തി നന്നാക്കാൻ സമയമില്ല,സൗകര്യവുമില്ല.
-എസ്. ശാരദക്കുട്ടി എഴുത്തുകാരി
അപക്വമായ പരാമർശം
ആരുടെ മുന്നിലും കുനിയാനും വളയാനും നിവരാനുമുള്ളവരാണ് പെൺകുട്ടികൾ എന്ന ധാരണ അങ്ങേയറ്റം അപലപനീയം. തികച്ചും അപക്വവുമാണ്. ഇക്കാര്യത്തിൽ ഒരു മുന്നണിയും മോശമല്ല എന്നതാണ് അതിന്റെ മറ്റൊരു വശം. ആണുങ്ങൾ ഒന്നു തറപ്പിച്ചു നോക്കിയാൽ വിരണ്ടു പോകുന്നവരാണ് സ്ത്രീകൾ എന്ന് എതിർമുന്നണിയിലെ പ്രമുഖൻ പറയുന്നതും ഫലത്തിൽ ഇതു തന്നെ. കേരളത്തിലെ ഇടത് വലത് മുന്നണികളിൽ എത്ര സ്ത്രീ സ്ഥാനാർത്ഥികളുണ്ട് . -ആശാലത (കവയിത്രി
കേസ് രജിസ്റ്റർ ചെയ്യണം: വികസിത ജനാധിപത്യ സമൂഹത്തിൽ സ്ത്രീകളുടെ വ്യക്തിത്വത്തെ അംഗീകരിക്കേണ്ടവരാണ് കമ്മ്യൂണിസ്റ്റുകാർ. യാതൊരു ഇടതുപക്ഷ സ്വഭാവവും ജോയ്‌സ് ജോർജിനെ പോലുള്ളവർക്കില്ല എന്നതാണ് പരാമർശത്തിലൂടെ വ്യക്തമാക്കുന്നത്. മാപ്പു പറഞ്ഞത് നല്ലത്. പക്ഷെ കേസ് രജിസ്റ്റർ ചെയ്യണം. -അഡ്വ.ടി.ബി.മിനി (സാമൂഹ്യപ്രവർത്തക)