naravane

ന്യൂഡൽഹി: ലഡാക്കിൽ ഇന്ത്യയ്ക്ക് ഒരിഞ്ച് ഭൂമിപോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് കരസേനാ മേധാവി ജനറൽ എം.എം. നരവനെ. ലഡാക്കിലെ ഇന്ത്യ-ചൈന സൈനിക പിൻമാറ്റത്തെ പറ്റി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞവർഷം അതിർത്തിയിൽ തർക്കം ആരംഭിക്കുന്നതിനു മുൻപുളള സ്ഥിതിതന്നെയാണ് ഇപ്പോഴുമെന്നും നരവനെ വ്യക്തമാക്കി.

സൈനിക സംഘർഷം ഉടലെടുത്തതിനു പിന്നാലെ ചൈന ഒരു ഇന്ത്യൻ പ്രദേശത്തിന്റെയും നിയന്ത്രണം ഏറ്റെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞത് ശരിയാണെന്നും അതിനോട് പൂർണമായി യോജിക്കുന്നുവെന്നും നരവനെ വ്യക്തമാക്കി. മേഖലയിൽ സൈനിക പെട്രോളിംഗ് പുനരാരംഭിച്ചിട്ടില്ല. പെട്രോളിംഗ് ആരംഭിച്ചാൽ ഏറ്റുമുട്ടലുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും അത് സ്ഥിതിഗതി വഷളാകുന്നതിന് കാരണമാകുമെന്നും അദ്ദേഹം പ്രതികരിച്ചു.

കഴിഞ്ഞമാസം അവസാനത്തോടെയാണ് പാംഗോംങ് തടാക മേഖലയിൽ നിന്നും ഇരുരാജ്യങ്ങളും തങ്ങളുടെ സൈനിക സംഘത്തെയും ടാങ്കുകളെയും പിൻവലിക്കാൻ ആരംഭിച്ചത്. ഡെസ്പാംഗ്, ഹോട്ട് സ്പ്രിംഗ്, ഗോഗ്ര മേഖലകളിൽ നിന്നും സമാനമായ സൈനിക പിൻമാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവർഷം ഏപ്രിൽ അവസാനത്തോടെ ചൈനീസ് സൈന്യം ഇന്ത്യൻ നിയന്ത്രണ രേഖ ലംഘിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്.

ജൂൺ 15 ന് ഗാൽവാൻ താഴ്വരയിൽ ചൈനിസ് സൈനികരമായുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. ചൈനീസ് സൈനികർക്കും അത്യാഹിതം സംഭവിച്ചതായി ചൈനീസ് അധികൃതർ സമ്മതിച്ചിട്ടുണ്ടെങ്ങിലും കൂടുതൽ വിവരങ്ങൾ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. എന്നാൽ പുറത്തുവന്ന ഒരു അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്ടിൽ ചൈനീസ് സൈനികരിൽ 35 പേർക്ക് പരിക്കേറ്റതായി പരാമർശമുണ്ടായിരുന്നു.