
നയ്റോബി: അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് ഏറെ പ്രീയങ്കരിയും ചെറുപ്പകാലത്ത് ഏറെ സ്വാധീനിച്ചതുമായ വ്യക്തിത്വമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച സാറ ഒബാമ. മുത്തശ്ശി മരിച്ച വിവരം ഒബാമയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. മാമാ സാറ എന്നാണ് മുത്തശ്ശിയെ എല്ലാവരും സ്നേഹത്തോടെ വിളിച്ചിരുന്നത്. എന്നാൽ ഞങ്ങൾക്ക് പ്രിയപ്പെട്ട ഗ്രാനിയായിരുന്നു. ഞങ്ങൾ മുത്തശ്ശിയെ ഒരുപാട് മിസ് ചെയ്യും. അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കെനിയയിലെ ഗ്രാമങ്ങളിൽ നിന്ന് പട്ടണത്തിലേക്കു സൈക്കിൾ ചവിട്ടി കുട്ടികളെ സ്കൂളിലെത്തിച്ച സാറ മുത്തശ്ശി അനാഥർക്കും പെൺകുട്ടികൾക്കും വേണ്ടിയുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഒരു സ്ത്രീക്ക് വിദ്യാഭ്യാസം ലഭിച്ചാൽ അവൾ കുടുംബത്തെ മാത്രമല്ല, ഗ്രാമത്തിനു മുഴുവൻ വിദ്യാഭ്യാസം നൽകുമെന്നവർ പറഞ്ഞു.
ഡ്രീംസ് ഫ്രം മൈ ഫാദർ എന്ന പുസ്തകത്തിൽ സാറ മുത്തശ്ശിയെക്കുറിച്ച് ഒബാമ വിശദമായി എഴുതിയിട്ടുണ്ട്. ബറാക്ക് ഒബാമയുടെ അച്ഛനെ വളർത്തിയത് സാറയായിരുന്നു. അച്ഛന് പഠിക്കാൻ വേണ്ട സഹായങ്ങൾ ചെയ്ത് വളരെയേറെ അകലെയുള്ള സ്കൂളിൽ ചെറുപ്പത്തിൽ സൈക്കിളിൽ കൊണ്ടുപോയത് സാറ മുത്തശ്ശിയായിരുന്നുവെന്ന് ഒരിക്കൽ ഒബാമ പറഞ്ഞിരുന്നു. 1988 ൽ പിതാവിന്റെ ജന്മദേശത്തേക്ക് പോയപ്പോഴാണ് താനും സാറ മുത്തശ്ശിയും ആദ്യമായി കണ്ടതെന്നും ഭാഷാ വ്യത്യാസം ഉള്ളതിനാൽ ആദ്യം ആശയ വിനിമയം നടത്താൻ ബുദ്ധിമുട്ടായിരുന്നെങ്കിലും പിന്നീട് അവർ വളരെ നല്ല സുഹൃത്തുക്കളായി മാറിയതും ഒബാമ തന്റെ പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. 2009 ൽ ഒബാമ പ്രസിഡന്റായി സ്ഥാനമേറ്റപ്പോൾ ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹത്തിന്റെ പ്രീയപ്പെട്ട ഗ്രാനിയെ ക്ഷണിക്കുകയും ക്ഷണം സ്വീകരിച്ച് ചടങ്ങ് വീക്ഷിക്കാൻ അവർ എത്തുകയും ചെയ്തിരുന്നു.
2014 സെപ്റ്റംബറിൽ യു.എൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിലും മുത്തശ്ശിയെക്കുറിച്ച് ബറാക് ഒബാമ പ്രതിപാദിച്ചിരുന്നു.