jankeeya-hotel

വയനാട്: 20 രൂപക്ക് ഊണു നൽകുന്ന ആയിരം ജനകീയ ഹോട്ടലുകൾ തുറക്കുമെന്ന എൽ.ഡി.എഫ് സർക്കാരിന്റെ പ്രഖ്യാപനം യാഥാർത്ഥ്യമായി. വയനാട് വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലാണ് കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ആയിരാമത്തെ ജനകീയ ഹോട്ടൽ തുറന്നത്. ജില്ലയിലെ ഇരുപത്തിയേഴാമത്തെ ഹോട്ടലാണിത്.

ജനകീയ ഹോട്ടലുകളിലൂടെ ഇതുവരെ 2.6 കോടി ആളുകൾക്ക് ഭക്ഷണം നൽകിക്കഴിഞ്ഞു. അവയിൽ 7,68,300 പേർക്ക് സൗജന്യമായാണ് ഭക്ഷണം നൽകിയിട്ടുള്ളത്. സർക്കാർ ജനകീയ ഹോട്ടലുകൾക്ക് ഒരു ഊണിന് 10 രൂപ വച്ച് സബ്സിഡി നൽകുമെന്ന് പറഞ്ഞ പ്രകാരം 24.72 കോടി രൂപ കുടുംബശ്രീയ്ക്ക് വിതരണം ചെയ്തു കഴിഞ്ഞു.

2020-21ലെ ബജറ്റിലാണ് ജനകീയ ഹോട്ടൽ എന്ന ആശയം സർക്കാർ മുന്നോട്ടുവച്ചത്. ലോക പട്ടിണി സൂചികയിൽ താഴേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്ന രാജ്യത്ത് വിശപ്പ് രഹിത സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിന്റെ ഭാഗമായിരുന്നു ബജറ്റിൽ പ്രഖ്യാപിച്ച ജനകീയ ഹോട്ടലുകൾ. കിലോ 10.90 രൂപക്ക് സിവിൽ സപ്ലൈസ് വകുപ്പ് റേഷൻ കടകൾവഴി അരി നൽകിയാണ് ജനകീയ ഊൺ സംരംഭം വിജയിപ്പിച്ചത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും സിവിൽ സപ്ലൈസ് വകുപ്പും ഒത്തുചേർന്ന് പ്രവർത്തിച്ചതിന്റെ വിജയമാണ് ബജറ്റ് വർഷത്തിൽ തന്നെ 1000 ഹോട്ടലുകൾ പൂർത്തീകരിക്കാനായതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കൊവിഡിനെത്തുടർന്ന് പല മേഖലകളിലും പ്രതിസന്ധിയുണ്ടായപ്പോഴും ജനകീയ ഹോട്ടലുകൾക്ക് മുന്നോട്ടു പോകാനായത് ഈ പദ്ധതിയുടെ വിജയത്തിന്റെ തിളക്കം കൂട്ടുന്നു.