
വയറിന്റെ ഭാഗത്തുള്ള പേശികൾ ദുർബലമാകുമ്പോൾ ആന്തരിക അവയവങ്ങൾ യഥാസ്ഥാനത്ത് നിന്നും പുറത്തുകടക്കുന്നത് മൂലമാണ് ഹെർണിയ രോഗം ഉണ്ടാവുന്നത്. വയറുവേദനയാണ് ആദ്യ ലക്ഷണം. ഭാരം ഉയർത്തുന്ന ജോലികൾ ചെയ്യുമ്പോൾ വേദന അനുഭവപ്പെടാൻ തുടങ്ങും. ഭാരമുള്ള വസ്തുക്കൾ എടുത്തുയർത്തുക, അമിതമായ വയറിളക്കം അല്ലെങ്കിൽ മലബന്ധം ,തുടർച്ചയായ ചുമ അല്ലെങ്കിൽ തുമ്മൽ പ്രശ്നങ്ങൾ,സിസ്റ്റിക് ഫൈബ്രോസിസ്, മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട്, ദഹന ദ്രാവക ഉത്‌പാദനം അമിതമാകുക, അമിതവണ്ണം, തെറ്റായ ഭക്ഷണരീതി, പുകവലി എന്നിവ പേശികളെ ദുർബലപ്പെടുത്തുകയും ഹെർണിയ രോഗത്തിന്റെ സാദ്ധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ശസ്ത്രക്രിയയും ലാപ്രോസ്കോപ്പിക് ചികിത്സാരീതിയുമാണ് ഹെർണിയ രോഗത്തിനുള്ള പ്രതിവിധി. പുകവലി ഉപേക്ഷിക്കുക, അനുയോജ്യമായ ശരീരഭാരം നിലനിറുത്തുക, മൂത്രമൊഴിക്കുമ്പോഴോ മലവിസർജനം നടത്തുമ്പോഴോ ഉള്ള ബുദ്ധിമുട്ടുകളെ യഥാസമയം ചികിത്സിച്ച് ഭേദമാക്കുക, നാരുകളടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക, കുടൽ പേശികളെ ശക്തിപ്പെടുത്തുന്നതിനുള്ള വ്യായാമങ്ങൾ, അമിത ഭാരമെടുപ്പ് ഒഴിവാക്കുക എന്നിവയിലൂടെ ഹെർണിയയെ ഒരു പരിധിവരെ അകറ്റാം.