better-sex-food

സന്തുഷ്ടവും ആരോഗ്യകരവുമായ ജീവിതത്തിന് സംതൃപ്തമായ ലൈംഗിക ജീവിതം ആവശ്യമാണ്. ആരോഗ്യകരമായ ശരീരത്തിന് പോഷക സമ്പുഷ്ടമായ ആഹാരവും. പോഷക സമ്പുഷ്ടമായ ആഹാരവും ചിട്ടയായ ജീവിതവും ലൈംഗികാസ്വാദ്യത വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുളളതാണ്. നിസാരമെന്ന് നാം കരുതുന്ന പല ഭക്ഷണ സാധനങ്ങളും നമ്മുടെ ലൈംഗിക ശേഷി ഉയർത്തുന്നവയാണ്.

മുന്തിരി, ആപ്പിൾ, പപ്പായ, പ്ലം, ചെറി, സ്‌ട്രോബറി,വാഴപ്പഴം, ഓറഞ്ച്, ഈന്തപ്പഴം തുടങ്ങിയ പഴങ്ങളെല്ലാം ലൈംഗികത ആസ്വാദ്യകരമാക്കാൻ സഹായിക്കുന്നു. പഴങ്ങളിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി, പുരുഷബീജത്തിന്റെ എണ്ണവും ചലനശേഷിയും വർധിപ്പിക്കുന്നുവെന്ന് ആധുനിക വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. വാഴപ്പഴം സ്ഥിരമായി കഴിക്കുന്നത് ലൈംഗികാരോഗ്യത്തിന് ഉത്തമമാണ്. വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ബുഫോടെനിൻ എന്ന രാസവസ്തു തലച്ചോറിൽ ഉണർവു നൽകുന്നുവെന്നും ലൈംഗിക വികാരം ഉണർത്തുന്നുവെന്നും പഠനങ്ങൾ പറയുന്നു.

കാരറ്റ്, വെള്ളരിക്ക, മുരിങ്ങക്ക തുടങ്ങിയവ ലൈംഗിക ഉണർവു പകരുന്ന പച്ചക്കറികളാണ്. മുരിങ്ങപ്പൂവും മുരിങ്ങവിത്തും ലൈംഗികശേഷി വർധിപ്പിക്കുന്നവയാണെന്ന് ആയുർവേദം പറയുന്നു. ചീര, ചുവന്നുള്ളി, കോളിഫ്ളവർ എന്നിവ പുരുഷന്മാരുടെ ലൈംഗിക ആരോഗ്യത്തിന് ഉത്തമമാണ്. ലൈംഗികമായി ഉണർവു പകരുന്ന വിഭവങ്ങളാണ് മുളപ്പിച്ച ധാന്യങ്ങൾ. ഇവയിൽ നാരുകൾ ധാരാളമുണ്ട്. രക്തത്തിലെ അമിതമായ കൊളസ്‌ട്രോൾ കുറയ്ക്കാനും ഇവ സഹായിക്കും. ഇതുമൂലം ധമനികളിലൂടെ രക്തപ്രവാഹം സുഗമമാക്കും. ലൈംഗികാവയവങ്ങളിലേക്കും രക്തപ്രവാഹം വർധിക്കും. ലൈംഗികതയ്ക്ക് കൂടുതൽ ഊർജം പകരും. പ്രായക്കൂടുതൽ കൊണ്ടുണ്ടാകുന്ന ലൈംഗിക പ്രശ്നങ്ങൾ കുറയ്ക്കാനും ഇവ സഹായിക്കുന്നു.

പുരുഷന്മാരിൽ ലൈംഗികാവയവങ്ങളുടെ വളർച്ചയ്ക്കും കരുത്തിനും സിങ്ക് അത്യാവശ്യമാണ്. കടൽ വിഭവങ്ങളിൽ ധാരാളമായി അടങ്ങിയിരിക്കുന്ന സിങ്ക്, ലൈംഗികാരോഗ്യം പകരുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു. കക്കയിറച്ചിയിൽ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്.

തവിടു കളയാത്ത ധാന്യങ്ങൾ, സോയാബീൻ, യീസ്റ്റ്, മുട്ട, കാബേജ്, ഇലക്കറികൾ,ചീസ് തുടങ്ങിയവ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. പ്രഭാത ഭക്ഷണത്തിൽ ബി1, ബി2 എന്നീ ജീവകങ്ങൾ ഉണ്ടെങ്കിൽ ദിവസം മുഴുവനും ശരീരത്തിന്റെ ഊർജം നിലനിർത്താം.തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിനും ഈ ജീവകങ്ങൾ ആവശ്യമാണ്. ശാരീരിക പ്രവർത്തനങ്ങൾക്ക് ഉദ്ദീപനങ്ങൾ നൽകാനും ഇവ സഹായകരമാണ്.

ലൈംഗികാരോഗ്യം നിലനിർത്തുന്നതിന് പോഷക സമൃദ്ധമായ ആഹാരം കഴിക്കണം എന്നപോലെ തന്നെ ചില ആഹാരങ്ങളും പാനിയങ്ങളും ഭക്ഷണക്രമത്തിൽ നിന്നും ഒഴിവാക്കേണ്ടതും അത്യന്താപേക്ഷിതമാണ്. ആഹാരത്തിൽ ഉപ്പ്, മധുരം, പൂരിത കൊഴുപ്പ് ഇവയുടെ അളവ് കൂടിയാൽ ശരീരത്തിന്റെ ഊർജസ്വലത കുറയും. ഇത് ലൈംഗിക ജീവിതത്തെ താറുമാറാക്കും. അതേപോലെതന്നെ പുരുഷ ഹോർമോണായ ടെസ്‌റ്റോസ്റ്റിറോണിന്റെ ഉത്പാദനത്തെ സ്ഥിരമായ മദ്യപാനം ദോഷകരമായി ബാധിക്കും. കാപ്പി ഉപേക്ഷിക്കുന്നതോ കഴിക്കുന്ന അളവ് കുറയ്ക്കുന്നതോ ആണ് നല്ലത്.