chennithala

കൊച്ചി: ഇരട്ടവോട്ടുകൾ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ വിധി ഇന്ന്. കേരളത്തിൽ നാല് ലക്ഷത്തി മുപ്പതിനായിരത്തിലധികം ഇരട്ടവോട്ട് ഉണ്ടെന്നും, കള്ളവോട്ടിന് കൂട്ട് നിന്ന ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടിയ്ക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചത്.

ഇലക്ഷൻ കമ്മിഷന് പലതവണ പരാതി നൽകിയിട്ടും മറുപടി ലഭിച്ചില്ലെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. വോട്ടർ പട്ടികയിൽ ഒരാളുടെ പേര് പലതവണ ചേർക്കുന്നത് ഇരട്ട വോട്ടിന് അവസരമൊരുക്കുമെന്നും, നിയമപ്രകാരം ഇത് അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം സംസ്ഥാനത്ത് 38,586 ഇരട്ട വോട്ടുകൾ മാത്രമാണ് കണ്ടെത്തിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പിന്റെ സംശുദ്ധി കാത്ത് സൂക്ഷിക്കാൻ കമ്മീഷന് ബാദ്ധ്യതയുണ്ടെന്നും, നിഷ്‌പക്ഷമായി തിരഞ്ഞെടുപ്പ് നടത്തുമെന്നും കമ്മീഷൻ വ്യക്തമാക്കി. എന്നാൽ ഇനി വോട്ടർ പട്ടികയിൽ മാ‌റ്റം വരുത്താൻ സാദ്ധ്യമല്ലെന്നും കമ്മീഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്.