postal-vote

കായംകുളം: തപാൽ വോട്ട് ചെയ്യിക്കുന്നതിനിടെ ക്ഷേമ പെൻഷൻ നൽകി വോട്ടറെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് പരാതി. കായംകുളം മണ്ഡലത്തിലെ 77ാം നമ്പർ ബൂത്തിലാണ് സംഭവം.സഹകരണ ബാങ്കിലെ ജീവനക്കാരനാണ് വോട്ടെടുപ്പ് സമയത്ത് പെൻഷൻ നൽകാനെത്തിയത്.കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കലക്ടർക്കും പരാതി നൽകി.

വോട്ടെടുപ്പ് നടപടികൾ പുരോഗമിക്കുന്നതിനിടയിൽ ബാങ്ക് ജീവനക്കാരൻ പെൻഷൻ തുക എണ്ണിത്തിട്ടപ്പെടുത്തി വൃദ്ധയ്ക്ക് നൽകി. പിണറായി സർക്കാരിന് തുടർഭരണം ലഭിച്ചാൽ പെൻഷൻ തുക വർദ്ധിപ്പിക്കുമെന്ന് ഇയാൾ പറയുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

അതേസമയം പെൻഷൻ വിതരണം ചെയ്യാനെത്തിയ ആളെ തങ്ങൾക്ക് അറിയില്ലെന്നാണ് പോളിംഗ് ഉദ്യോഗസ്ഥർ പറയുന്നത്. ബാങ്ക് ജീവനക്കാരൻ മാത്രമല്ല സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പെൻഷൻ നൽകാൻ വീടുകളിൽ കയറിയിറങ്ങുന്നുണ്ടെന്ന് യു ഡി എഫ് ആരോപിക്കുന്നു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.