
കണ്ണൂർ: കേരളത്തിൽ രണ്ട് മാസം കൊണ്ട് കൊവിഡ് വാക്‌സിനേഷന്റെ ഗുണമുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കൊവിഡ് കാരണം തിരഞ്ഞെടുപ്പ് പ്രചാരണം നിർത്തിവയ്ക്കാൻ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് എൽ ഡി എഫ് പ്രചാരണം നടത്തുന്നതെന്നും, ആൾക്കൂട്ടം ഉണ്ടെങ്കിലും മാസ്‌ക് ഉപയോഗിക്കാൻ എല്ലാവർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും ശൈലജ അറിയിച്ചു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്നലെ സംസ്ഥാനത്ത് 2389 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 58,557 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.08 ആണ്. 16 മരണങ്ങളും സ്ഥിരീകരിച്ചു. നിലവിൽ 24,650 പേരാണ് ചികിത്സയിലുള്ളത്.