
തിരുവനന്തപുരം: 4.34 ലക്ഷം ഇരട്ട വോട്ടുകളുണ്ടെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 38,000 ഇരട്ടവോട്ടുകളേയുള്ളൂവെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് അത്ഭുതകരമാണെന്നും, പരാതികളെല്ലാം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ചെന്നിത്തല പറഞ്ഞു.
കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും, മുഴുവൻ വിവരങ്ങളും നാളെ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി. എൽ ഡി എഫ് പഞ്ചായത്തുകളിൽ ജയിച്ചത് കള്ള വോട്ടിലാണെന്നും, ഈ വിജയം ആവർത്തിക്കാനാണ് ഇടതുമുന്നണിയുടെ ശ്രമമെന്നും ചെന്നിത്തല ആരോപിച്ചു.
അതേസമയം ആഴക്കടൽ മത്സ്യബന്ധന വിവാദത്തിലും ചെന്നിത്തല സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. 'ആഴക്കടൽ ധാരണാപത്രം ഇതുവരെ റദ്ദാക്കാത്തത് കള്ളക്കളിയാണ്. വീണ്ടും അധികാരത്തിൽ വന്നാൽ നടപ്പാക്കാനാണ് യഥാർത്ഥ ധാരണാപത്രം റദ്ദാക്കാത്തത്. വൻതോതിൽ കോഴ ലഭിച്ചതിനാലാണ് ഈ കള്ളക്കളി'- അദ്ദേഹം കുറ്റപ്പെടുത്തി.