
കായംകുളം: പ്രിയങ്ക ഗാന്ധി അരിത ബാബുവിനെ മാത്രമല്ല, വീട്ടുകാരെയും നാട്ടുകാരെയും ഞെട്ടിച്ചു കളഞ്ഞു. കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി അരിത ബാബുവിന്റെ റോഡ് ഷോയ്ക്കിടെയാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക അപ്രതീക്ഷിതമായി അരിതയുടെ വീട്ടിലെത്തിയത്.
ഇന്നലെ ഉച്ചയോടെയാണ് പുതുപ്പള്ളി അജേഷ് നിവാസിലേക്ക് പ്രിയങ്കയും ആൾക്കൂട്ടവും കടന്നെത്തിയത്. നാട്ടുകാർ ഓടിയെത്തി. വഴിയിൽ എവിടെയെങ്കിലും വച്ച് ഒരുനോക്ക് കാണാമെന്ന് കരുതിയ ആൾ വീട്ടുമുറ്റത്തു വന്നതറിഞ്ഞ് അരിതയുടെ മാതാപിതാക്കൾ പാഞ്ഞെത്തി. മകൾക്കൊപ്പം വീട്ടുവരാന്തയിൽ പ്രിയങ്കയെ കണ്ട് അവർ വിശ്വസിക്കാനാവാതെ ഒരു നിമിഷം നിന്നു. റോഡ് ഷോയ്ക്കിടെ വണ്ടി നിറുത്തി പ്രിയങ്കയെ കാണിക്കാമെന്ന് അരിത നേരത്തേ പറഞ്ഞിരുന്നു. അതനുസരിച്ച് അച്ഛൻ തുളസീധരൻ, അമ്മ ആനന്ദവല്ലി, സഹോദരൻ അരുൺ, ഭാര്യ അനു, മകൻ ആരവ് എന്നിവർ കായംകുളത്തിന് തെക്ക് കൃഷ്ണപുരത്ത് റോഡരികിൽ കാത്തുനിൽക്കുകയിരുന്നു.
അരിതയ്ക്കൊപ്പം ചേപ്പാട്ടു നിന്ന് റോഡ് ഷോ ആയി കരുനാഗപ്പള്ളിലേക്ക് പോകുമ്പോഴാണ് വീട്ടിൽ കയറണമെന്ന ആഗ്രഹം പ്രിയങ്ക അറിയിച്ചത്. കായംകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ കഴിഞ്ഞ് പുതുപ്പള്ളിയിലേക്കുള്ള റോഡിൽ ട്രാഫിക് നിയന്ത്രിച്ച് ഉടൻ പൊലീസ് യാത്രാസൗകര്യമൊരുക്കി. പ്രിയങ്ക അരിതയുടെ വീട്ടിൽ എത്തുന്നതുവരെ നേതാക്കളെയുൾപ്പെടെ അറിയിച്ചില്ല. അതിനിടെ തുളസീധരന്റെ ഫോണിൽ അരിതയുടെ വിളിയെത്തി.
കൃഷ്ണപുരത്തുനിന്ന് വീട്ടിലേക്ക് പാഞ്ഞ അവർ എത്തും മുമ്പ് പ്രിയങ്കയും അരിതയും വീട്ടിലെത്തിയിരുന്നു.താക്കോൽ അമ്മയുടെ കൈയിലായിരുന്നതിനാൽ വീട്ടിൽ കയറാൻ കഴിഞ്ഞില്ല. മാതാപിതാക്കൾ എത്തുമ്പോൾ വരാന്തയിൽ പ്രവർത്തകർക്കൊപ്പം കാത്തു നിൽക്കുകയാണ് പ്രിയങ്ക. അമ്മയെ കണ്ടതും പ്രിയങ്ക കെട്ടിപ്പിടിച്ചു. അച്ഛനോട് വിശേഷങ്ങൾ തിരക്കി. അരിതയുടെ രാഷ്ടീയ പ്രവേശനത്തിലും മത്സരത്തിലും സന്തുഷ്ടരാണോ എന്ന് പ്രിയങ്ക മാതാപിതാക്കളോട് ചോദിച്ചു.ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ എത്തിയ പ്രിയങ്ക വീട്ടുകാരോടും പ്രവർത്തകരോടും കുശലം പറഞ്ഞ് പത്ത് മിനിട്ടോളം ചെലവഴിച്ചു. പ്രിയങ്കയ്ക്ക് ഒരു ഗ്ളാസ് വെള്ളം പോലും കൊടുത്തില്ലെന്ന സങ്കടത്തിലാണ് ആനന്ദവല്ലി.