sivankutty

തിരുവനന്തപുരം: നേമത്ത് ശക്തമായ മത്സരമാണ് നടക്കുന്നതെന്ന് എൽ ഡി എഫ് സ്ഥാനാർത്ഥിയായ വി ശിവൻകുട്ടി. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും എൻ ഡി എ ആയിരുന്നു മുഖ്യ എതിരാളി. അതിനപ്പുറം മറ്റ് അത്ഭുതങ്ങളൊന്നും നേമത്ത് സംഭവിച്ചിട്ടില്ല. മുരളീധരൻ മത്സരിക്കാൻ വന്നത് എൽ ഡി എഫിന് നേട്ടമാണോ കോട്ടമാണോയെന്ന് പറയുന്നില്ല. മുരളീധരൻ മത്സരിക്കാൻ വന്നതോട് കൂടി നേമത്ത് യഥാർത്ഥ കോൺഗ്രസുകാർ എത്രയുണ്ടെന്ന് മനസിലാക്കാൻ പറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശിവൻകുട്ടി പറഞ്ഞു. കേരളകൗമുദി ഓൺലൈനിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുമ്മനം നേമത്തെ ഗുജറാത്തെന്ന് വിശേഷിപ്പിച്ചത് വികസന പ്രവർത്തനങ്ങളുടെ പേരിലല്ല. ഗുജറാത്തിൽ കലാപം നടന്നതു പോലെ, ന്യൂനപക്ഷങ്ങൾക്കിടയിൽ ആധിപത്യം സ്ഥാപിക്കുന്ന ഒരു പ്രസ്ഥാനമായി ബി ജെ പി മാറുമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. കഴിഞ്ഞ അഞ്ച് വർഷകാലമായി നേമത്ത് വികസനമൊന്നും നടന്നിട്ടില്ല. വികസന പ്രവർത്തനങ്ങൾളിൽ 140ആം സ്ഥാനത്താണ് നേമമെന്നും ശിവൻകുട്ടി അഭിപ്രായപ്പെട്ടു.

വോട്ട് ചോദിച്ച് അഞ്ച് വർഷം മുമ്പ് കണ്ടതല്ലാതെ നേമത്തെ ജനങ്ങൾ പിന്നീട് രാജഗോപാലിനെ കണ്ടിട്ടില്ല. രാജഗോപാൽ നേമത്ത് കൊണ്ടുവന്നത് അദൃശ്യമായ കേന്ദ്ര പദ്ധതികളാണ്. പറച്ചിൽ അല്ലാതെ ഒന്നും നടന്നിട്ടില്ല. ബി ജെ പിയ്‌ക്ക് തിരുവനന്തപുരം ജില്ലയിൽ നിന്നും ഒരു സീറ്റും കിട്ടാൻ പോകുന്നില്ല. ഇടതു മുന്നണി തൂത്തുവാരും. അടുക്കളയിലെ വീട്ടമ്മമാർ എൽ ഡി എഫിനൊപ്പമാണെന്നും ശിവൻകുട്ടി അവകാശപ്പെട്ടു.

കേന്ദ്ര ഏജൻസികളുടെ അന്വേഷണം നാട്ടുകാരുടെ അടുത്ത് ഏശില്ല. താൻ തട്ടിപ്പ് കേസിലെ പ്രതിയല്ലെന്ന് കുമ്മനം മനസിലാക്കണം. ആരെയെങ്കിലും പറ്റിച്ചതിന്റെ പേരിൽ തന്റെ പേരിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടില്ല. താൻ നടത്തിയിട്ടുളള സമരപോരാട്ടങ്ങളുടെ പേരിലാണ് കേസ്. നിയമസഭയിൽ ബഡ്‌ജറ്റ് ദിവസമുണ്ടായ സംവഭ വികാസങ്ങൾ പ്രത്യേക സാഹചര്യത്തിൽ ഉണ്ടായതാണ്. വോട്ടർമാർക്കിടയിൽ അതൊന്നും പ്രശ്‌നമല്ല.

സർവേകളെ അനുകൂലിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നില്ല. ജനങ്ങൾക്ക് അതൊക്കെ കാണാൻ ഇഷ്‌ടമാണ്, അവർ വിലയിരുത്തട്ടെ. ശബരിമല സംബന്ധിച്ച കാര്യങ്ങളിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മണ്ഡലം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന തങ്ങൾക്ക് ബി ജെ പിയുമായി ഒരു ഡീലുമില്ല. യു ഡി എഫ് ഡീലുണ്ടാക്കിയാലും അതിനെയൊക്കെ അതിജീവിക്കാനുളള പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും ശിവൻകുട്ടി ആത്മവിശ്വാസം പ്രകടിപ്പിച്ചു.