
തിരുവനന്തപുരം: ഇഡിക്കെതിരെ കേസെടുക്കാനുള്ള ഉത്തരവിൽ ഒപ്പിടാതെ ഡി ജി പി തലയൂരി. പകരം ഒപ്പിട്ടതാകട്ടെ പൊലീസ് ആസ്ഥാനത്ത് ഡിജിപിയുടെ ഫയലുകൾ മാത്രം കൈകാര്യം ചെയ്യുന്ന രഹസ്യ വിഭാഗമായ ടി സെക്‌ഷനിലെ രണ്ട് ജൂനിയർ സൂപ്രണ്ടുമാരും. കേസ് എടുത്ത പൊലീസ് ഉന്നതർക്കെതിരെ ഇഡി തിരിച്ചും കേസെടുക്കാൻ ഒരുങ്ങുകയാണെന്നും അതിൽ നിന്ന് അത്ര എളുപ്പത്തിൽ ഊരിമാറാൻ കഴിയില്ലെന്നും അറിഞ്ഞതോടെയാണ് മിനിസ്റ്റീരിയൽ ജീവനക്കാരെ ബലിയാടാക്കി ഡി ജി പി തലയൂരിയത്.
മാത്രമല്ല സി ബി ഐ ഡയറക്ടർ നിയമനത്തിനായി എം പാനൽ ചെയ്യപ്പെട്ട ഡിജിപിമാരുടെ പട്ടികയിൽ ബെഹ്റയുമുണ്ട്.ഇഡിക്കെതിരെ കേസെടുത്ത് കേന്ദ്രത്തിന്റെ കണ്ണിൽ കരടായാൽ സി ബി ഐ ഡയറക്ടർ എന്നത് ഒരിക്കലും നടക്കാത്ത സുന്ദര സ്വപ്നമായി അവശേഷിക്കുമെന്ന് ബെഹ്റയ്ക്ക് നന്നായി അറിയുകയും ചെയ്യാം. അതിനാലാണ് കേസെടുക്കാനുള്ള നിർദ്ദേശത്തിൽ ഒപ്പിടാതെ അദ്ദേഹം തലയൂരിയത്. ഇതിനൊപ്പം സംസ്ഥാന സർക്കാർ പറഞ്ഞതു ചെയ്തു എന്നല്ലാതെ ഇഡിക്കെതിരെ കേസ് എടുക്കാൻ പാടില്ലെന്നായിരുന്നു തന്റെ നിലപാടെന്ന് കേന്ദ്രത്തിലെ ഉന്നതരെ അദ്ദേഹം അറിയിക്കുകയും ചെയ്തു. മാത്രമല്ല, ആദ്യ കേസ് എടുക്കുമ്പോൾ അദ്ദേഹം ഡൽഹിയിലായിരുന്നു. ഇതു റജിസ്റ്റർ ചെയ്യുന്നത് വൈകിപ്പിക്കാൻ നിർദേശിക്കുകയും ചെയ്തു.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന വനിതാ പൊലീസുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നതായി സ്വർണക്കടത്തു കേസിലെ പ്രതി സന്ദീപ് നായർ ജയിലിൽ നിന്നു കത്തെഴുതിയിരുന്നു. അതിനു പിന്നാലെ ഇഡിക്കെതിരെ കണ്ണൂർ സ്വദേശി മറ്റൊരു പരാതി നൽകുയും ചെയ്തു. ഈ രണ്ട് പരാതികളിലും പ്രാഥമിക അന്വേഷണം നടത്തിയില്ല. പകരം പുതിയ കേസ് എടുക്കാനായിരുന്നു സർക്കാർ നിർദേശം. നിയമോപദേശം തേടിയപ്പോൾ കേസെടുക്കാം എന്നായിരുന്നു പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ മറുപടി. ഇതാേടെയാണ് ഓരോ പരാതിയിലും ഓരോ കേസ് എടുക്കാൻ തീരുമാനിച്ചത്. ഇതിനുള്ള നിർദ്ദേശവും ക്രൈംബ്രാഞ്ചിന് നൽകി.
നിർദ്ദേശം പരിശോധിച്ച ക്രൈംബ്രാഞ്ച് ഉന്നതർക്ക് ഉത്തരവിൽ ഡി ജി പിയുടെ ഒപ്പിനുപകരം മിനിസ്റ്റീരിയൽ ജീവനക്കാരുടെ ഒപ്പ് മാത്രമാണ് കണ്ടെത്താനായത്. തന്റെ അനുമതിയില്ലാതെ ക്രൈംബ്രാഞ്ച് ഒരു കേസും എടുക്കാൻ പാടില്ലെന്ന് ബെഹ്റ ഈയിടെ ഉത്തരവു നൽകിയിരുന്നു.അപകടം മണത്ത ക്രൈംബ്രാഞ്ച് മേധാവി കണ്ണൂർ സ്വദേശിയുടെ പരാതിയിൽ പുതിയ കേസ് വേണ്ടെന്നുവയ്ക്കുകയായിരുന്നു.നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും ഇഡിയുടെ ബദൽ കേസ് ഉണ്ടാവുക എന്നാണ് ഇപ്പോൾ അറിയുന്നത്. ഇതിൽ ആരെല്ലാം ഉൾപ്പെടും എന്ന ആശങ്കയിലാണ് പൊലീസ് ഉന്നതർ.