udf

തിരുവനന്തപുരം: പുറത്തുവന്ന സർവേകളെല്ലാം എൽ ഡി എഫിന് തുടർഭരണം പ്രവചിക്കുന്നുണ്ടെങ്കിലും യു ഡി എഫിന് ആശ്വാസം പകരുന്നത് ഒരു റിപ്പോർട്ടാണ്. രാഹുൽ ഗാന്ധിയുടെ കൈയ്യിലിരിക്കുന്ന സർവേ റിപ്പോർട്ടാണ് നേതൃത്വത്തിന് ആത്മവിശ്വാസം നൽകുന്നത്. 78 സീറ്റുകളിൽ യു ഡി എഫിന് വിജയമുണ്ടാകുമെന്നാണ് രാഹുലിന്റെ സ്‌പെഷ്യൽ സർവേ ടീം നൽകിയിരിക്കുന്ന റിപ്പോർട്ട്. പത്ത് മണ്ഡലങ്ങളിലാണ് കോൺഗ്രസ് നേതൃത്വം അട്ടിമറി പ്രതീക്ഷിക്കുന്നത്.

രാഹുലും പ്രിയങ്കയും കളത്തിലിറങ്ങിയാൽ മനംമാറുന്ന പത്തുമണ്ഡലങ്ങളുണ്ടെന്നാണ് കണക്ക്. കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഇതിന്റെ മാറ്റമുണ്ടാകും. രാഹുലും പ്രിയങ്കയും ഇവിടെ കേന്ദ്രീകരിക്കുന്നതിന്റെ കാരണമിതാണ്. കൊല്ലം, ആലപ്പുഴ ജില്ലകളിലെ പല സി പി എം മണ്ഡലങ്ങളുടെയും മനസ് യു ഡി എഫിന് അനുകൂലമാകുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.

ചേർത്തല, അമ്പലപ്പുഴ, കായംകുളം മണ്ഡലങ്ങളാണ് ഈ പട്ടികയിലുളളത്. കഴിഞ്ഞതവണ യു ഡി എഫിന് ഒരുസീറ്റുപോലും കിട്ടാത്ത കൊല്ലം ജില്ലയിൽ ഇത്തവണ അട്ടിമറിവിജയങ്ങളുണ്ടാകും. കൊല്ലം, കുണ്ടറ, കരനാഗപ്പളളി എന്നിവയെല്ലാം ഇടതുപക്ഷത്തെ കൈവിടും. ഇതാണ് സർവേ ടീമിന്റെ വിലയിരുത്തൽ. ഇതുറപ്പാക്കാനാണ് പ്രിയങ്കയുടെ പ്രചാരണത്തുടക്കംതന്നെ ഈ ജില്ലകളിൽനിന്നായത്.

ഒന്നാഞ്ഞുപിടിച്ചാൽ നേമം ബി ജെ പിയെ കൈവിടുമെന്നാണ് രാഹുൽ ടീമിന്റെ റിപ്പോർട്ട്. ഈ ദൗത്യവും പ്രിയങ്കയാണ് ഏറ്റെടുത്തത്. കല്പറ്റ, മാനന്തവാടി, കോഴിക്കോട് നോർത്ത്, നാദാപുരം മണ്ഡലങ്ങളിൽ രാഹുൽ ഇറങ്ങിയാൽ ഉറപ്പായാലും യു ഡി എഫിന് ലഭിക്കുമെന്ന് സർവേ ടീം കണക്കാക്കുന്നത്. ഇത് അനുസരിച്ചാകും രാഹുൽഗാന്ധി ഇനി പ്രചാരണത്തിനിറങ്ങുക.

68 മണ്ഡലങ്ങൾ എ പ്ലസ് കാറ്റഗറിയിലും കടുത്ത മത്സരത്തിനിടയിലും ജയസാദ്ധ്യത കണക്കാക്കുന്ന 10 മണ്ഡലങ്ങൾ എ കാറ്റഗറിയിലും ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് കണക്കാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതൽ എ പ്ലസ് മണ്ഡലങ്ങൾ എറണാകുളം, മലപ്പുറം ജില്ലകളിൽ നിന്നാണ്. എറണാകുളത്ത് 11 സീറ്റുകളാണ് യു ഡി എഫ് പ്രതീക്ഷിക്കുന്നത്. കേരള കോൺഗ്രസ് എം വിട്ടുപോയ കോട്ടയത്ത് 4 സീറ്റുകളാണ് എ പ്ലസ് ലിസ്റ്റിൽ കടന്നുകൂടിയത്.

ഇടുക്കിയിൽ നാലും പത്തനംതിട്ടയിൽ മൂന്നും തൃശൂരിൽ അഞ്ചും എ പ്ലസ് മണ്ഡലങ്ങളുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ഒരു തവണയും പ്രചാരണം തുടങ്ങിയ ശേഷം രണ്ട് തവണയും നടത്തിയ സർവേകളിലെ വിലയിരുത്തലുകളാണ് അന്തിമ ഫലത്തിലുളളത്. ആദ്യ സ‍ർവേയിൽ സംസ്ഥാനത്ത് തുടർഭരണമുണ്ടാകുമെന്നാണ് എ ഐ സി സി സർവേയിലും വ്യക്തമായത്. രണ്ടാം ഘട്ടത്തിൽ 68 വരെയെത്തിയിരുന്നു. മൂന്നാം ഘട്ടത്തിലാണ് 78 സീറ്റുകൾ വരെ നേടുമെന്ന സ്ഥിതിയിലെത്തിയത്.