priyanka-gandhi

തിരുവനന്തപുരം: കേരളത്തിൽ യു ഡി എഫിനായി പ്രചാരണത്തിനെത്തിയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്ക് നേമത്ത് റോഡ് ഷോ നടത്താൻ കഴിയാത്തതിൽ അതൃപ്‌തിയറിയിച്ച് കെ മുരളീധരൻ. പ്രിയങ്കയെ നേരിട്ട് കണ്ട് അതൃപ്‌തി അറിയിച്ച മുരളീധരൻ, നേമം മണ്ഡലത്തിൽ എത്തിയില്ലെങ്കിൽ അത് മറ്റ് പല വ്യാഖ്യാനങ്ങളുമുണ്ടാക്കുമെന്നും മുന്നറിയിപ്പ് നൽകി. തുടർന്ന് ഏപ്രിൽ മൂന്നിന് കേരളത്തിൽ വീണ്ടും എത്താമെന്ന് പ്രിയങ്ക ഉറപ്പ് നൽകി.

തലസ്ഥാനത്ത് ആദ്യം വെഞ്ഞാറമൂട് മണ്ഡലം, ശേഷം കാട്ടാക്കട അതിന് ശേഷം പൂജപ്പുരയിൽ നേമത്തെ സ്ഥാനാർത്ഥി മുരളീധരനും വട്ടിയൂർക്കാവിലെ യു ഡി എഫ് സ്ഥാനാർത്ഥി വീണ നായർക്കും ഒപ്പം റോഡ് ഷോ എന്നിങ്ങനെയായിരുന്നു പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഷെഡ്യൂൾ നിശ്‌ചയിച്ചിരുന്നത്. എന്നാൽ സമയക്കുറവ് മൂലം പൂജപ്പുര റോഡ് ഷോ ഒഴിവാക്കേണ്ടി വന്നു.

ബി ജെ പിയുമായി നേരിട്ട് മത്സരം നടക്കുന്ന നേമത്ത്, ഹെക്കമാൻഡിന്റെ നിർദ്ദേശാനുസരം മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിക്കായി പ്രചാരണത്തിന് പ്രിയങ്ക ഇറങ്ങാത്തത് വലിയ തിരിച്ചടിയാകുമെന്നുമാണ് മുരളീധരൻ പ്രിയങ്കയെ അറിയിച്ചത്. ബി ജെ പിയും സി പി എമ്മും അടക്കം ഇത് ആയുധമാക്കിയേക്കുമെന്നും മുരളീധരൻ അറിയിച്ചു. ബി ജെ പിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കാനായാണ് വടകര എം പിയായിരുന്ന കെ മുരളീധരനെ കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെട്ട് നേമത്ത് ഇറക്കിയത്.

മൂന്നാം തീയതി രാത്രി തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങും വഴിയാകും പ്രിയങ്ക തിരുവനന്തപുരത്ത് എത്തുക. രാത്രി ഏഴ് മണിയ്‌ക്ക് ശേഷം നേമത്തും കഴക്കൂട്ടം മണ്ഡലത്തിലും പ്രിയങ്ക ഗാന്ധി റോഡ് ഷോ നടത്തുമെന്നാണ് വിവരം.