
ചെന്നൈ: നരേന്ദ്രമോദി പ്രധാനമന്ത്രിയായത് മുതിര്‍ന്ന നേതാക്കളെ ഒതുക്കിയാണെന്ന് ഡി.എം.കെ യുവനേതാവും സിനിമ താരവുമായ ഉദയനിധി സ്റ്റാലിന്‍. തമിഴ്‌നാട്ടിലെ അവിനാശി മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മോദിയുടെ കളിയാക്കലിന് മറുപടിയായി അദ്ദേഹത്തിന്റെ പരാമര്‍ശം. എല്‍.കെ അദ്വാനി എവിടെ എന്ന ചോദ്യവും ഉദയനിധി ഉന്നയിച്ചു.
രാജ്യം മുഴുവന്‍ രഥയാത്ര നടത്തിയപ്പോള്‍ ജനങ്ങള്‍ കരുതിയത് എല്‍.കെ അദ്വാനി പ്രധാനമന്ത്രി ആകുമെന്നാണ്. പക്ഷേ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയാണ് പ്രധാനമന്ത്രിയായത്. അദ്വാനിയെയും യശ്വന്ത് സിന്‍ഹയെയും വെങ്കയ്യ നായഡുവിനെയും ഒതുക്കിയാണ് നരേന്ദ്രമോദി ഈ സ്ഥാനത്ത് എത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കരുണാനിധിയുടെ മകനായതുകൊണ്ടു തന്നെ സ്റ്റാലിന് ഒരിക്കലും ഇപ്പോഴത്തെ മുഖ്യമന്ത്രി പളനിസ്വാമിയെ പോലെ മോദിക്ക് മുന്നിന്‍ തല കുനിക്കേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ധര്‍മപുരിയില്‍ നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ ഉദയനിധി സ്റ്റാലിനെ മോദി കളിയാക്കിയിരുന്നു. ഡിഎംകെയുടെയും കോണ്‍ഗ്രസിന്റെയും സംസ്‌കാരം സ്ത്രീകളെ അപമാനിക്കുന്നതാണെന്നും ഇത് പിന്‍തുടരുകയാണ് ഡി.എം.കെയുടെ കിരീടാവകാശിയും ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തമിഴ്‌നാട് പ്രതിപക്ഷനേതാവും ഡി.എം.കെ അദ്ധ്യക്ഷനുമായ സ്റ്റാലിന്റെ മകനാണ് ഉദയനിധി സ്റ്റാലിന്‍.