vv

എന്താ പഴങ്കഞ്ഞി കുടിക്കാത്തത് എന്ന് വി.കെ.എന്നിനോട് ചോദിച്ചാൽ പറയും- 'പഴങ്കഞ്ഞി കുടിച്ചാൽ ഒരു പ്രശ്നമുണ്ട്, കന്നുപൂട്ടാൻ തോന്നും. അതുകൊണ്ട് വേണ്ടെന്ന് വച്ചു.' ഒ.വി.വിജയനോടാണെങ്കിൽ അങ്ങനെയൊരു ചോദ്യം തന്നെ ചോദിക്കില്ല. നീണ്ട താടി ഉഴിഞ്ഞുകൊണ്ട് എന്ത് ഫിലോസഫിയാവും അദ്ദേഹം പറയുക എന്ന് ഊഹിക്കാൻ തന്നെ പ്രയാസം. അത്രയ്ക്ക് അന്തരമുണ്ട് ഇരുവരുടെയും പ്രകൃതവും മാനസികനിലയും തമ്മിൽ. എന്നിട്ടും ഉറ്റചങ്ങാതിമാരായി ആയുഷ്കാലബന്ധം പുലർത്തിയവരാണ് ഇരുവരും. ഹസ്തരേഖാശാസ്ത്രവും ജ്യോതിഷവും വശമായിരുന്ന വി.കെ.എൻ ഒരു ദിവസം വിജയന്റെ ജാതകം ഗണിച്ച് പറഞ്ഞു " നീ എന്ത് വിശ്വസാഹിത്യം എഴുതിയാലും ജ്ഞാനപീഠം തരാവില്ല." അപ്പോൾ പുറത്തു വന്നുകൊണ്ടിരുന്ന വാർത്തകൾ പ്രകാരം വിജയന് അത് ലഭിക്കും എന്ന് കരുതിയിരിക്കയായിരുന്നു. പക്ഷേ, വി.കെ.എൻ ഒരു പ്രവചനം കൂടി അനുബന്ധമായി നടത്തിയെന്നാണ് അദ്ദേഹത്തിന്റെ ജീവചരിത്രക്കുറിപ്പിൽ ( മുക്തകണ്ഠം- വി.കെ.എൻ ) കെ.രഘുനാഥ് രേഖപ്പെടുത്തിയിട്ടുള്ളത്. അതിപ്രകാരം- " മറ്റേയാൾക്ക് (വാസുവിന് -എം.ടി.വാസുദേവൻനായർക്ക് ) ഒന്നും എഴുതിയില്ലെങ്കിലും വീട്ടിൽ കൊണ്ടുക്കൊടുക്കും." ആ പ്രവചനം ഫലിച്ചു. ഒ.വി.വിജയന് കിട്ടാത്ത ജ്ഞാനപീഠം ആർക്ക് കിട്ടിയിട്ടെന്ത്? എന്ന് പരിതപിക്കാത്ത സാഹിത്യമനസുകൾ വിരളമായിരിക്കും. അതൊരു ജാതകദോഷമല്ലെന്നും വി.കെ.എന്നിനെപ്പോലെ മാന്യ വായനക്കാർക്കെല്ലാം അറിയാം.

തീർത്ഥാടനത്തോടനുബന്ധിച്ച് ശിവഗിരിയിൽ നടന്ന ഒരു സാഹിത്യസമ്മേളനത്തിൽ ഒ.വി.വിജയന്റെ ആത്മീയ ഗരിമയാർന്ന ഉദ്ഘാടന പ്രസംഗശേഷം കണിയാപുരം രാമചന്ദ്രൻ പറഞ്ഞു. ശ്രീനാരായണഗുരു ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റ് ആയിരുന്നുവെന്നും ആത്മീയതയല്ല, ഭൗതികജീവിത സമീപനങ്ങളാണ് ഗുരുവിന്റെ മഹിമയ്ക്ക് കാരണമെന്നും. ഗുരുവിനെ ആത്മീയ മഹിമയോടെ വാഴ്ത്തിപ്പറഞ്ഞ വിജയൻ പതുക്കെ എഴുന്നേറ്റ് വളരെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു- " ഇവിടെ നിന്നു കിട്ടിയ ഈ പുതിയ അറിവുമായാണ് മടങ്ങിപ്പോകുന്നത്" എന്ന്. ആ പരിഹാസത്തിന്റെ ആഴവും വ്യാപ്തിയും അവിടെ തടിച്ചുകൂടിയിരുന്ന മഹാജനങ്ങളിൽ എത്രപേർക്ക് തിരിഞ്ഞിട്ടുണ്ടാവും എന്നറിയില്ല. വിജയന്റെ വൈജ്ഞാനിക മണ്ഡലത്തിന് കാന്തിയും മൂല്യവും പകരുന്നത് അതിന്റെ ആത്മീയ അടിത്തറയാണ്. 'ഖസാക്കിന്റെ ഇതിഹാസ'ത്തിൽനിന്ന് 'മധുരംഗായതി'യിലേക്കുള്ള ദൂരം അതാണ് വ്യക്തമാക്കുന്നത്.

ആക്ഷേപഹാസ്യത്തിന്റെ മുള്ളും മൂർച്ചയുമുള്ള വാക്കും വരയും കൊണ്ട് മലയാളികളുടെ വായനാലോകത്തെ നവീകരിച്ച വിജയൻ എഴുത്തിന്റെ മറുവഴിയിലൂടെ ജ്ഞാനത്തിന്റെ ആത്മീയപ്രസാദം പകരുക കൂടി ചെയ്തു. ചെറുകാറ്റിൽ വനശിഖരത്തിൽനിന്ന് മന്ദാരപ്പൂക്കൾ കൊഴിഞ്ഞു വീഴും പോലെ വാക്കുകൾ പൂക്കളമിടുന്നതിന്റെ സുഗന്ധമുണ്ട് എപ്പോഴും വിജയന്റെ എഴുത്തിന്. ലൗകിക ജീവിതത്തിന് സംഭവിക്കുന്ന താളഭ്രംശത്തിലേക്കും വ്യാകുലതകളിലേക്കും സാമൂഹികമായ ഒറ്റപ്പെടലിലേക്കും എം.ടിയുടെ തൂലിക സഞ്ചരിച്ചപ്പോൾ മനുഷ്യമനസിന് സംഭവിക്കുന്ന നരകതുല്യമായ മൂല്യച്യുതിയിലേക്കും മനസിന്റെ സ്വകാര്യ സഞ്ചാരപഥങ്ങളിലേക്കുമാണ് വിജയന്റെ തൂലിക യാത്ര ചെയ്തത്.

ഘോഷയാത്രകളിൽപ്പെടാതെ എന്നും തനിയേ നടന്ന എഴുത്തുകാരനാണ് ഒ.വി.വിജയൻ. അദ്ദേഹത്തിന്റെ ഭൗതികവിയോഗത്തിന് 16 ആണ്ട് കഴിയുന്നു. 1930 ജൂലായ് രണ്ടിന് പാലക്കാട് ജില്ലയിലെ മങ്കരയിൽ ജനിച്ച ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ 2005 മാർച്ച് 30 ന് ഭൗതിക ജീവിതത്തോട് വിടപറഞ്ഞു. മലബാർ ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായിരുന്ന വിജയൻ കടുത്ത ഇടതുപക്ഷ വിശ്വാസിയായിരുന്നു. അക്കാലത്തെ വാക്കിലും വരയിലുമെല്ലാം അതിന്റെ കടുംവർണങ്ങൾ ചാലിച്ചിരുന്നു. 1975ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ അതിനെതിരെ എഴുത്തിലൂടെയും വരയിലൂടെയും ഏറ്റവും കൂർമ്മമായി പ്രതികരിച്ച ഇന്ത്യൻ എഴുത്തുകാരിൽ ഒരാളാണ് വിജയൻ. നിഷ്ഠുരതയുടെ ചലമൊലിക്കുന്ന അടിയന്തരാവസ്ഥയുടെ നീചഗാത്രത്തെ പ്രവാചക മനസോടെ ചിത്രീകരിക്കുന്ന 'ധർമ്മപുരാണം' എന്ന നോവൽ നടുക്കുന്ന വ്യാകുലതയോടെയാണ് മലയാളികൾ വായിച്ചത്.

ഇന്ദ്രപ്രസ്ഥം എന്ന പംക്തിയിൽ വിജയൻ എഴുതി: "അഴിമതിയുടെ മലിനോത്സവം പങ്കുവയ്ക്കലല്ല പത്രക്കാരന്റെ ധർമ്മം,​ സാത്വികമായ മറ്റൊന്നാണ്. പൊലീസുകാരന്റെ ധർമ്മം കക്കയമല്ല, വഴിതെറ്റിയലയുന്ന കുഞ്ഞിനെ അമ്മയുടെ പക്കൽ തിരിച്ചേൽപിക്കലാണ്. സൈനികന്റെ ധർമ്മം അതിരിനപ്പുറത്തേക്ക് വെടിവയ്ക്കലല്ല, സൗഹാർദ്ദസീമകളെ ലംഘിച്ചുവരുന്ന വിരുന്നുകാരനെ തിരുത്തലാണ്. ഭരണാധിപന്റെ ധർമ്മം ജനസമ്മതിയുടെ വിനയത്തിൽ ജനസമ്പത്തിനുമേൽ കണ്ണടയാത്ത കാവൽപ്പട്ടിയായി നിൽക്കലാണ്." എന്നാൽ,

ആത്മീയമാർഗത്തിലേക്കുള്ള വിജയന്റെ കുടിയേറ്റവും കമ്മ്യൂണിസ്റ്റു പാർട്ടിയോട് പുലർത്തിയ തിരുത്തൽ സമീപനവും വിജയനെ കേരളകമ്മ്യൂണിസ്റ്റുകളുടെ ശത്രുവാക്കി. അവർ അദ്ദേഹത്തെ സി.ഐ.എ ചാരൻ എന്ന് മുദ്രകുത്തി. ഒ.വി. വിജയനെ അങ്ങനെ ഇകഴ്ത്തുന്നതിൽ വല്ലാത്തൊരു അഭിനിവേശം അക്കാലത്തെ പുരോഗമന സാഹിത്യസംഘം പ്രവർത്തകർക്കും സർഗാത്മക ശൂന്യതയിൽ വിളയാടുന്ന ഇടതുപക്ഷ ബുദ്ധിജീവികൾക്കും ഉണ്ടായിരുന്നു. ഖസാക്കിന്റെ ഇതിഹാസത്തിനെതിരെയും അവർ വാളെടുത്തു. ചെറുപ്പക്കാരെ വഴിതെറ്റിക്കുന്ന രചനയാണതെന്ന് മുദ്രകുത്തി. കവിതയുടെ പൊൻതൂലിക കൊണ്ടെഴുതിയ ആ നോവൽ വായിക്കുകയും ചർച്ചചെയ്യുകയും ചെയ്യാത്ത സാഹിത്യഇടങ്ങൾ ഇല്ലാത്ത കാലമായിരുന്നു അത്. പക്ഷേ, ഖസാക്കിന്റെ ഇതിഹാസത്തെ പ്രശംസിച്ചവരെയും അന്നത്തെ പു.ക.സ ബുദ്ധിജീവികൾ ശത്രുക്കളാക്കി.

മനുഷ്യാവസ്ഥ അസംബന്ധമായ ഒരു പതനത്തിലേക്ക് നീങ്ങുകയാണെന്ന് നേരത്തെ തിരിച്ചറിഞ്ഞ വിജയൻ അതിലൊന്നും തെന്നിവീണില്ല. തന്റെ വിനയാന്വിതമായ പ്രൗഢിയോടെ സാഹിത്യ തപസ് തുടർന്ന വിജയൻ എതിർപ്പിന്റെ ഇരുൾമേഘങ്ങളെ മഴയാക്കി മാറ്റി. ശാസ്ത്രവും സാങ്കേതികവളർച്ചയും വികസനവുമെല്ലാം മത്തുപിടിപ്പിക്കുന്ന അധികാരഭ്രമവും ചൂഷണവുമായി പരിണമിക്കുന്നത് വിജയൻ കണ്ടു. താനനുഭവിച്ച അക്കാലത്തെ മാനസിക പിരിമുറുക്കത്തെക്കുറിച്ച് വിജയൻ പറഞ്ഞു: "ഒരു വ്യക്തി എന്ന നിലയിൽ ഞാൻ ഏറെ നാളായി ഒരു പ്രതിസന്ധിയിലാണ്. ആ പ്രതിസന്ധിക്ക് താർക്കികമായ ഉത്തരം കാണാൻ ശ്രമിക്കുമ്പോഴെല്ലാം ഞാൻ ക്രൂരമായി തെറ്റിദ്ധരിക്കപ്പെട്ടു. സോഷ്യലിസത്തോടുള്ള എന്റെ പ്രതിപത്തി, അമിതാധികാരത്തോടുള്ള വെറുപ്പ്, ശാസ്ത്രത്തിന്റെ അടിസ്ഥാന പ്രക്രിയയിലുള്ള വിശ്വാസം, ശാസ്ത്രത്തിന്റെ ഉപകരണ പരിഷ്കൃതിയെക്കുറിച്ചുള്ള എന്റെ ഭയം ഇവയൊക്കെയാണ് ഈ പ്രതിസന്ധിയുടെ ചേരുവ." പക്ഷേ, കമ്മ്യൂണിസ്റ്റു പാർട്ടിയെ തള്ളിക്കളയാൻ അപ്പോഴും വിജയൻ ശ്രമിച്ചിരുന്നില്ല. കമ്മ്യൂണിസ്റ്റു പാർട്ടിയുടെ ഭദ്രതയും ജനായത്തവത്‌കരണവുമാണ് തന്റെ വിമർശനങ്ങളുടെ ലക്ഷ്യം എന്നായിരുന്നു വിജന്റെ പ്രതികരണം.

ഖസാക്കിന്റെ ഇതിഹാസത്തിലെ രവി കൂമൻകാവ് ബസ് സ്റ്റോപ്പിൽ അവശേഷിപ്പിച്ച കാത്തിരിപ്പിന്റെ വ്യഥ വലിയൊരു ശൂന്യതയായി തെളിയുന്നു. ഒ.വി.വിജയന്റെ അനുജത്തി ഒ.വി.ഉഷ ഓർമ്മപ്പെടുത്തിയതുപോലെ " ഒരു മാർച്ച് 30 ന്റെ അഭാവമല്ല ഒ.വി.വിജയൻ. ഒരു ദിവസത്തിന്റെ ഓർമ്മയുമല്ല." മഹാശൂന്യതയിലേക്ക് കൺപായിച്ചിരിക്കുന്ന ഒരാൾരൂപം എപ്പോഴും സഹൃദയമിഴികളിൽ തെളിയുന്നു ഏതോ കുന്നിൻചെരുവിലെ ഏകാന്തതയിൽ ഒരു ചെമ്പകമരം പൂത്തുനിൽക്കുന്നു. അപ്പുക്കിളിയും അള്ളാപിച്ചാ മൊല്ലാക്കയും കുഞ്ഞാമിനയും കുപ്പുവച്ചനുമെല്ലാം അതിന്റെ താഴ്വാരത്തിലൂടെ ഒാടിയിറങ്ങി വരുന്നു. മരണമില്ലാത്ത എഴുത്തുകാരന്റെ കുഞ്ഞുങ്ങളായി അവർ തുള്ളിക്കളിക്കുന്നു. തലമുറകളിലേക്ക് അവർ നടന്നുകയറുന്നു. എഴുത്തിലേക്ക് വഴിതെറ്റിവന്ന ഒരു പരൽമീനല്ല ഒ.വി.വിജയൻ. എഴുത്തിൽ നീന്തിത്തുടിക്കാനും തിരയടിക്കാനും ജലസമാധി കൊള്ളാനുമായി സ്വന്തം കടലുമായി വന്ന അവധൂതൻ.