
കോട്ടയം: പാലാ നഗരസഭയിൽ ഭരണപക്ഷ കൗൺസിലർമാർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. സിപിഎം- കേരള കോൺഗ്രസ് എം അംഗങ്ങളാണ് തമ്മിലടിച്ചത്. സംഭവത്തിൽ കേരള കോൺഗ്രസ് കൗൺസിലർ ബൈജു കൊല്ലംപറമ്പിലും സി പി എം കൗൺസിലർ ബിനു പുളിക്കകണ്ടത്തിനും പരിക്കേറ്റു. ഇരുവരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. സ്റ്റാന്റിംഗ് കമ്മിറ്റി കൂടുന്നതിലെ തർക്കം ആണ് സംഘർഷത്തിൽ കലാശിച്ചത്. മറ്റുകൗൺസിലർമാർക്ക് സംഘർഷത്തിൽ പരിക്കേറ്റു എന്നാണ് റിപ്പോർട്ട്.
വർഷങ്ങൾക്ക് ശേഷം കേരള കോൺഗ്രസ് എമ്മിന്റെ സഹായത്തോടെയാണ് പാലാ നഗരസഭയുടെ ഭരണം ഇടത് പക്ഷം പിടിച്ചെടുത്തത്. എന്നാൽ ഭരണത്തിലേറിയത് മുതൽ ഇരുകക്ഷികളും തമ്മിൽ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി ചേരുന്നതടക്കമുള്ള വിഷയങ്ങളിലായിരുന്നു തർക്കം ഇതിനിടെ ഇന്ന് രാവിലെ നഗരസഭ കൗൺസിൽ കൂടുന്നതിനിടെ നേരത്തേ സ്റ്റാൻഡിംഗ് കമ്മിറ്റി ചേർന്നതിലെ നിയമ പ്രശ്നം സിപിഎം കൗൺസിലറായ ബിനു പുളിക്കകണ്ടം ഉന്നയിച്ചു. അതോടെ ഇതിനെ എതിർത്ത് കേരള കോൺഗ്രസിലെ ബൈജു കൊല്ലം പറമ്പിലെത്തി. ഇരുവരും തമ്മിലുള്ള വാക്കുതർക്കം രൂക്ഷമാവുകയും തുടർന്ന് കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ ഇരുപാർട്ടികളും തമ്മിലുള്ള തർക്കം മുന്നണിയെ ആശങ്കയിലാഴ്ത്തുന്നുണ്ട്. പാലായിലെ വിജയം ജോസ് കെ മാണിക്ക് അഭിമാന പ്രശ്നമാണ്. യോജിച്ച് ഒരേമനസോടെ പ്രവർത്തിക്കേണ്ട ഘട്ടത്തിൽ ഇരുപാർട്ടികളുടെയും കൗൺലസിലർമാർ ഏറ്റുമുട്ടിയത് പാർട്ടി നേതാക്കൾ ആശങ്കയോടെയാണ് കാണുന്നത്. നേതാക്കൾ ഇടപെട്ട് തർക്കം പരിഹരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.