
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സമുദായ സമവാക്യം നിർണായകമാകുമെന്ന് സൂചന. ഹിന്ദു സമുദായത്തിലെ നായർ-ഈഴവ വോട്ടുകളുടെയും മുസ്‌ലിം-ക്രിസ്‌ത്യൻ വോട്ടുകളുടെയും മാറ്റങ്ങൾ ഭരണമാറ്റത്തെ നിർണയിക്കുന്നതാണ് എന്ന് പഠനങ്ങൾ പറയുന്നു.
നായർ സമുദായത്തിനിടയിൽ ബി ജെ പി വലിയ തോതിൽ സ്വാധീനം നേടിയെടുത്തതായും സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഡെവലപിംഗ് സൊസൈറ്റീസ് (സി എസ് ഡിഎ സ്) പഠനം പറയുന്നു. സി എസ് ഡി എസ് അടക്കമുളള പഠനങ്ങൾ, പോസ്റ്റ് പോൾ സർവേകൾ എന്നിവയെ ആധാരമാക്കി ദി ഹിന്ദുവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
സംസ്ഥാനത്ത് നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ പടിപടിയായി എൻ ഡി എ വോട്ട് വർദ്ധിപ്പിക്കുന്നു എന്നതാണ് തിരഞ്ഞെടുപ്പുകളിലെ കാഴ്‌ച. 2016ൽ 33 ശതമാനം നായർ വോട്ടുകളാണ് എൻ ഡി എയ്ക്ക് കിട്ടിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അത് 43 ശതമാനമാക്കി വർദ്ധിപ്പിച്ചു. ഈഴവ വോട്ടുകൾ 17ൽ നിന്ന് 21 ശതമാനമാക്കി ഉയർത്തി.
അതേസമയം, ക്രിസ്ത്യൻ മത ന്യൂനപക്ഷ വോട്ടുകൾ എൻ ഡി എയ്ക്ക് നഷ്ടമായി. 2016ൽ ഒമ്പത് ശതമാനം ക്രിസ്ത്യൻ വോട്ടാണ് കിട്ടിയത് എങ്കിൽ 2019ൽ അത് രണ്ടു ശതമാനത്തിലേക്ക് ചുരുങ്ങി. നിലവിൽ ലൗ ജിഹാദ് അടക്കമുളള വിവാദ വിഷയങ്ങൾ ഉയർത്തി പരമാവധി ക്രിസ്ത്യൻ വോട്ടുകൾ പിടിക്കുകയെന്ന നിലപാടിലാണ് ബി ജെ പി.
2016ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതിന് കിട്ടിയ നായർ വോട്ടുകൾ 45 ശതമാനമായിരുന്നു. എന്നാൽ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അത് 20 ശതമാനമായി. ലോക്‌സഭയിൽ യു ഡി എഫ് 35 ശതമാനം നായർ വോട്ടുകൾ പിടിച്ചു. 2016ൽ അത് 20 ശതമാനം മാത്രമായിരുന്നു.
ശബരിമലയിലെ യുവതീ പ്രവേശവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയും തുടർന്നുണ്ടായ പ്രതിഷേധവുമാണ് ബി ജെ പിക്ക് സഹായകരമായത്. പരമ്പരാഗത നായർ വോട്ടുകൾ വരെ സി പി എമ്മിന് നഷ്‌ടമാകുന്ന സാഹചര്യവുമുണ്ടായി. എന്നാൽ ഈഴവ വോട്ടുകളിൽ കാര്യമായ ചോർച്ചയുണ്ടായിട്ടില്ല. 2016ൽ 49 ശതമാനം ഈഴവ വോട്ടുകളാണ് എൽ ഡി എഫിന് കിട്ടിയത്. 2019ൽ 45 ശതമാനവും. എൻ ഡി എയ്ക്ക് ഈ തിരഞ്ഞെടുപ്പുകളിൽ യഥാക്രമം 17,21 ശതമാനം എന്നിങ്ങനെയാണ് വോട്ട് ലഭിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതിന്റെ മുസ്ലീം-ക്രിസ്ത്യൻ വോട്ടുബാങ്കിലും വിളളലുണ്ടായി. 2016ൽ 35 ശതമാനം ക്രിസ്ത്യൻ വോട്ടുകൾ ലഭിച്ചെങ്കിൽ 2019ൽ അത് 25 ആയി ചുരുങ്ങി. മുസ്ലീം വോട്ടുകളിൽ നാലു ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. 2016ൽ 34 ശതമാനവും 2019ൽ 30 ശതമാനവും. യു ഡി എഫിനാണ് അത് ഗുണകരമായത്.
2016ൽ 51 ശതമാനം വോട്ടു മാത്രമാണ് ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്ന് യു ഡി എഫിന് കിട്ടിയത് എങ്കിൽ 2019ൽ അത് 70 ശതമാനമായി വർദ്ധിച്ചു. മുസ്ലീം വോട്ട് ഓഹരി 58ൽ നിന്ന് 65 ശതമാനമായി വർദ്ധിക്കുകയും ചെയ്‌തു.