k-surendran

തിരുവനന്തപുരം: നേമത്തെ അക്കൗണ്ട് പൂട്ടിക്കുമെന്ന മുഖ്യമന്ത്രി പണിറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ത്രിപുരയിലെയും ബംഗാളിലെയും സി.പി.എമ്മിന്റെ അക്കൗണ്ട് ബിജെപിയാണ് പൂട്ടിച്ചത്. കേരളത്തിലെ അക്കൗണ്ടും ക്ലോസ് ചെയ്യും. അപ്പോള്‍ പിണറായിക്ക് തന്നെ ഉദകക്രിയ നടത്താമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ബോംബ് കഥയെപ്പറ്റി അറിയില്ല. ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ജനശ്രദ്ധ തിരിച്ചുവിടാനാണ് പിണറായിയുടെ ശ്രമം. അഴിമതിയുടെ ഗുണഭോക്താവായി മുഖ്യമന്ത്രി മാറി. സ്പീക്കര്‍ അഴിമതിയുടെ ഉറവിടമായി മാറി. ജനശ്രദ്ധ തിരിച്ചുവിടാന്‍ സിപിഎം ശ്രമിക്കുകയാണ്. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഇടത് പക്ഷം വര്‍ഗീയ കാര്‍ഡിറക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ലൗ ജിഹാദ് പരാമര്‍ശം നടത്തിയ ജോസ് കെ.മാണിയുടെ മടിക്കുത്തിനു പിടിച്ചു. ക്രൈസ്തവ സമൂഹം ലൗ ജിഹാദിനെ എതിര്‍ക്കുകയാണ്. വിഷയത്തിൽ സിപിഎം നിലപാട് വ്യക്തമാക്കണം. മുഖ്യമന്ത്രി പ്രതികരിക്കണം. യുഡിഎഫ് മൗനം വെടിയണം. ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കയാണ് അവര്‍ പ്രകടിപ്പിച്ചത്. അഭിപ്രായ സര്‍വെകള്‍ പിണറായി വിജയനെ വാഴ്ത്തപ്പെട്ടവനായി കാണിക്കുന്നു. ഇത്തവണ കേരളത്തില്‍ തുടര്‍ ഭരണം ഉണ്ടാകില്ല. ഇവിടെ സര്‍ക്കാരുണ്ടാക്കാന്‍ തീരുമാനിക്കുന്നതും ശ്രമം നടത്തുന്നതും ബിജെപിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. കോണ്‍ഗ്രസ് ഇരട്ടത്താപ്പ് നടത്തുകയാണ്. രാഹുല്‍ ഗാന്ധി മൗനം പാലിക്കുകയാണ് ചെയ്തത്. യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ ധാരണ നടത്തുന്നു. തപാല്‍ വോട്ടിലും ക്രമക്കേട് നടത്തുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ബി.ജെ.പി അഞ്ചു കൊല്ലം മുമ്പ് നേമത്ത് തുറന്ന അക്കൗണ്ട് ഇത്തവണ സി.പി.എം ക്ലോസ് ചെയ്യുമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കാസര്‍കോഡ് പറഞ്ഞത്. ബി.ജെ.പിയുടെ വോട്ട് വിഹിതം താഴോട്ട് പോകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.