
തൃശൂർ: ഷൊർണൂർ മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥി സന്ദീപ് വാര്യരുടെ തിരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഫുട്‌ബോൾ കമന്ററി പോലെയാണ് പ്രചാരണ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.പ്രശസ്ത ഫുട്‌ബോൾ കമന്ററേറ്റർ ഷൈജു ദാമോദരനാണ് ഇതിന് പിന്നിൽ. ഷൈജു ദാമോദരന് നന്ദി പറഞ്ഞുകൊണ്ട് സന്ദീപ് വാര്യർ വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
'ശ്വാസമടക്കിപ്പിടിച്ച് ഷൊർണൂർ. നിയമസഭാ തിരഞ്ഞെടുപ്പ് 20-21 കേരള ഈസ് വാച്ചിംഗ്. സന്ദീപ് ഏറ്റെടുക്കുന്നു ആ ദൗത്യം. സന്ദീപ് വാര്യർ...സന്ദീപ് വാര്യർ...നിങ്ങളിത് കാണുക. ഷൊർണൂരിന്റെ മണ്ണിൽ. കേരള രാഷ്ട്രീയത്തിൽ എന്തുകൊണ്ടാണ് ജീനിയസ് എന്ന വിളിപ്പേരിന് ഷൊർണൂരിന്റെ പ്രിയപുത്രൻ അർഹനായതെന്ന് അടിവരയിട്ട് തെളിയിക്കുന്ന പ്രകടനം. എന്തുകൊണ്ടാണ് ഈ മനുഷ്യൻ ഷൊർണൂരിലെ വോട്ടർമാരുടെ ഹൃദയം കവർന്നതെന്ന് ആവർത്തിച്ചുറപ്പിക്കുന്ന കാഴ്ചകൾ.ഇതാ സന്ദീപ് വാര്യർ വരുന്നു, പുതിയ ഷൊർണൂരിനായി. കമോൺ ഷൊർണൂർ, ഒരുമിച്ച് നിൽക്കാം നമുക്ക് സന്ദീപ് വാര്യർക്ക് വേണ്ടി. ഓരോ വോട്ടും താമര ചിഹ്നത്തിൽ.തിരഞ്ഞെടുക്കാം സന്ദീപ് വാര്യരെ.' എന്നാണ് വീഡിയോയിൽ പറയുന്നത്.