brinda-karat

ഇടുക്കി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. മോദി അപകടകരമായ വൈറസാണ്. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുടെയും ജീവിതത്തെ അത് വളരെ മോശമായി ബാധിച്ചിരിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. കഴിഞ്ഞവര്‍ഷം കൊവിഡ് മഹാമാരി ഇന്ത്യയ്ക്ക് നല്‍കിയത് വലിയ ദുരിതമാണ്. ഇന്ത്യയിലെ ജനങ്ങള്‍ പ്രത്യേകിച്ച് പാവപ്പെട്ടവര്‍ വല്ലാതെ ബുദ്ധിമുട്ടി. എന്നാല്‍, അതിനേക്കാള്‍ അപകടകരമായ രണ്ടു വൈറസ് ഇന്ന് ഇന്ത്യയിലുണ്ട്. ബി.ജെ.പിയും ആര്‍.എസ്.എസുമാണ് അവയെന്നും വൃന്ദാ കാരാട്ട് പറഞ്ഞു. ഇടുക്കി ജില്ലയിലെ വിവിധ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു അവര്‍.

നരേന്ദ്രമോദി കേരളത്തിലെത്തിയപ്പോള്‍ അദ്ദേഹം സംസ്‌കാരം പഠിപ്പിക്കാനാണ് ശ്രമിച്ചത്. ആരാണ് കേരളത്തെ സംസ്‌കാരം പഠിപ്പിക്കുന്നത്. മഹാത്മാഗാന്ധിയുടെ സ്‌നേഹത്തിന്റെയും സഹനത്തിന്റെയും സാഹോദര്യത്തിന്റെയും സംസ്‌കാരം ഗുജറാത്തില്‍ നശിപ്പിച്ചയാളാണ് അദ്ദേഹം. കന്യാസ്ത്രീകളെ ആക്രമിച്ചതിനെ ന്യായീകരിച്ച ഇസ്ലാമായതിന്റെ പേരില്‍ കൊല്ലപ്പെട്ട ജുനൈദിന്റെ ഘാതകരെ ശിക്ഷിക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് മോദിയുടെതെന്നും അവര്‍ കുറ്റപ്പെടുത്തി.

യു.ഡി.എഫും ബി.ജെ.പിയും കേരളത്തിലെ ഇടത് സര്‍ക്കാരിനെതിരേ ഒന്നിച്ചിരിക്കുകയാണ്. ഈ സര്‍ക്കാരിനെതിരെ അവര്‍ക്ക് സത്യസന്ധമായ ഒരു ആരോപണങ്ങളും ഉന്നയിക്കാനില്ല. തെറ്റായ നയങ്ങളിലൂടെ മോദി സര്‍ക്കാര്‍ രാജ്യത്തെ തകര്‍ത്തപ്പോള്‍ ഇടതുസര്‍ക്കാര്‍ കേരളത്തില്‍ ബദല്‍ രൂപവത്കരിക്കുകയാണ് ചെയ്തത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പാവങ്ങളുടെ അന്നംമുടക്കാനാണ് ശ്രമിച്ചതെന്ന് വൃന്ദാ കാരാട്ട് ആരോപിച്ചു.

വനിതകളാണ് ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാരിന്റെ ഏറ്റവും വലിയ ശക്തി. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി വീട്ടുജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് പെന്‍ഷന്‍ നല്‍കുമെന്ന് പ്രകടന പത്രികയില്‍ ഇടതുപക്ഷം ഉറപ്പ് നല്‍കിയിരിക്കുകയാണെന്നും അവര്‍ ചൂണ്ടികാട്ടി.