
തിരുവനന്തപുരം: ഇതുവരെ തങ്ങളുടെ വാഗ്ദാനങ്ങൾ പ്രഖ്യാപിക്കുകയും സ്ഥാനാർത്ഥിയുടെ മഹത്വം ഉദ്ഘോഷിക്കുകയും ചെയ്ത മൂന്നു മുന്നണികളും തിരഞ്ഞെടുപ്പിന് ദിവസം മാത്രം ബാക്കി നിൽക്കെ എതിർ സ്ഥാനാർത്ഥികൾക്കെതിരെ വ്യക്തിപരമായ ആക്രമണവും കൊഴുപ്പിച്ചു തുടങ്ങി. പഴയ പത്രക്കട്ടിംഗുകളും വീഡിയോകളുമൊക്കെ സംഘടിപ്പിച്ചാണ് എതിർ സ്ഥാനാർത്ഥികളെ കൊച്ചാക്കാനുള്ള സൈബർ യുദ്ധങ്ങളും പ്രചാരണവും തുടങ്ങിയത്.
മുൻകാല ചെയ്തികൾ മാന്തിയെടുക്കുന്നു
സംസ്ഥാനത്ത് ഏറ്രവും വീറും വാശിയുമുള്ള മത്സരം നടക്കുന്ന നേമത്താണ് ഈ നെഗറ്റീവ് ക്യാമ്പയിൻ പൊടിപൊടിക്കുന്നത്. എതിർ സ്ഥാനാർത്ഥികളുടെ മുൻ കാല ചെയ്തികൾ ഗവേഷണം നടത്തി കണ്ടെത്താൻ ഓരോ പാർട്ടികളും പ്രത്യേകം ടീമിനെ തന്നെ ഇറക്കിയിട്ടുണ്ട്. ഇവരുടെ ശ്രമഫലമായ ഉണ്ടാക്കിയ വീഡിയോകളും മറ്രും സാധാരണക്കാരിലെത്തിക്കുകയാണ് പരിപാടി. ഒൗദ്യോഗിക യോഗങ്ങളിൽ പരസ്യമായ ആക്രമണമില്ലെങ്കിലും ചെറിയ തോതിലുള്ള ഒളിയമ്പുകൾ കാണാം. എന്നാൽ വിഡിയോ വഴിയും അല്ലാതെയുള്ള പ്രചാരണങ്ങളിൽ ഒരു പാർട്ടിയും അല്പം പോലും പരസ്പര-പ്രതിപക്ഷ ബഹുമാനം നൽകുന്നില്ല.
നേമത്തെ മുൻ എം.എൽ.എയും എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ വി. ശിവൻകുട്ടിക്ക് നേരെയാണ് പ്രധാന ആക്രമണം. യു.ഡി.എഫ് ഭരണ കാലത്ത് ബഡ്ജറ്ര് അവതരണ വേളയിൽ നിയമസഭയിൽ നടന്ന ആക്രമണമാണ് എതിരാളികൾ പ്രധാന പ്രചാരണ ആയുധമാക്കുന്നത്. ശിവൻകുട്ടി മുണ്ട് മടിക്കുത്തി സ്പീക്കറുടെ ചേംബറിൽ കയറുന്നതും ഉപകരണങ്ങൾ നശിപ്പിക്കുന്നതും ചിത്രീകരിക്കുന്ന വീഡിയോകളാണ് വൈറലാവുന്നത്.
രാജാജി നഗറിലെ ( ചെങ്കൽ ചൂള) വേദിയിൽ നിന്ന് പ്രസംഗിക്കുമ്പോൾ തർക്കത്തിനിടെ ശിവൻകുട്ടി ജനക്കൂട്ടത്തെ വിരട്ടുന്ന ചിത്രവും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. അതേ സമയം ശിവൻകുട്ടി എപ്പോഴും ജനങ്ങളുടെ കൂടെയുള്ള ആളാണെന്ന് പ്രചാരണത്തിലൂടെയാണ് എൽ.ഡി.എഫ് ഇതിന് മറുപടി പറയുന്നത്. നിങ്ങൾക്കൊരാവശ്യമുണ്ടെങ്കിൽ സമീപിക്കാൻ ശിവൻകുട്ടി മാത്രേ ഉള്ളൂവെന്ന് അവർ പ്രചരിപ്പിക്കുന്നു. സിറ്റിംഗ് എം.എൽ.എ ഒ.രാജഗോപാൽ മണ്ഡലത്തിൽ ഒന്നും ചെയ്തില്ലെന്ന പ്രചാരണമാണ് യു.ഡി.എഫും എൽ.ഡി.എഫും നടത്തുന്നത്. ജനങ്ങൾക്ക് പ്രശ്നം വന്നപ്പോൾ എവിടെയായിരുന്നു എം.എൽ.എ എന്ന ചോദ്യമാണ് പ്രധാനമായും സി.പി.എം ഉയർത്തുന്നത്. 404 കോടിരൂപയുടെ പദ്ധതികൾ നേമം മണ്ഡലത്തിൽ രാജഗോപാൽ നടത്തിയതിന്റെ പട്ടികയും ചിത്രങ്ങളും വിതരണം ചെയ്താണ് ബി.ജെ.പി ഇതിന് മറുപടി നൽകുന്നത്.
ആദ്യത്തെ അനിശ്ചിതാവസ്ഥയ്ക്ക് ശേഷം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് വൻ തരംഗമായി തിരഞ്ഞെടുപ്പ് രംഗത്തേക്ക് വന്ന കെ. മുരളീധരന് നേരെയും ആക്രമണമുണ്ട്. ഡി.ഐ.സി നേതാവായിരിക്കെ ഉമ്മൻചാണ്ടിക്കെതിരെ ആക്ഷേപങ്ങളുമായി കെ. മുരളീധരൻ നടത്തിയ പ്രസംഗമാണ് ഇപ്പോൾ വൈറലാകുന്ന മറ്രൊരു വീഡിയോ. വട്ടിയൂർക്കാവിനെ വഴിയിലുപേക്ഷിച്ചുപോയ മുരളീധരൻ നേമത്ത് സ്ഥിരമായി കാണുമോ എന്ന ചോദ്യവും എതിരാളികൾ ഉന്നയിക്കുന്നു. ജയിച്ചാൽ മുരളീധരൻ മണ്ഡലത്തിൽ തന്നെ ഉണ്ടാവുമെന്നാണ് ഇതിനുള്ള യു.ഡി.എഫിന്റെ മറുപടി.