
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ വിവാദത്തിന് വഴിച്ച് ആഴക്കടൽ മീൻപിടിത്തത്തിന് വ്യാവസായികാടിസ്ഥാനത്തിൽ ട്രോളറുകൾ നിർമ്മിച്ച് പ്രവർത്തനം നടത്താൻ അമേരിക്കൻ കമ്പനി ഇ.എം.സി.സിയുമായി സംസ്ഥാന ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ (കെ.എസ്.ഐ.എൻ.സി) ഒപ്പു വച്ച ധാരണാപത്രം റദ്ദാക്കിയില്ല.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഴിമതി ആരോപണം ഉന്നയിച്ചതോടെയാണ് കരാർ റദ്ദാക്കാൻ കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചത്. കെ.എസ്.ഐ.എൻ.സിയും ഇം.എം.സി.സിയും തമ്മിൽ ധാരണാപത്രം ഒപ്പിട്ടതിനെ കുറിച്ച് അറിയില്ലെന്നായിരുന്നു ഇതുസംബന്ധിച്ച് സർക്കാരിന്റെ നിലപാട്. വിവാദം കത്തിപ്പടർന്നതോടെ ധാരണാപത്രം റദ്ദാക്കുമെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ഐ.എൻ.സി ഫെബ്രുവരി 22ന് സർക്കുലറും ഇറക്കി. എന്നാൽ, ഒരു മാസം പിന്നിട്ടും കരാർ റദ്ദാക്കി കൊണ്ടുള്ള ഉത്തരവ് ഇതുവരെ സർക്കാർ പുറത്തിറക്കിയിട്ടില്ല. കരാർ റദ്ദാക്കിയുള്ള ഉത്തരവ് ഇറങ്ങാത്തതിനാൽ തന്നെ പഴയ വ്യവസ്ഥകൾ എല്ലാം തന്നെ അതുപോലെ നിലനിൽക്കുകയാണ്. അമേരിക്കൻ കമ്പനിക്ക് നയവിരുദ്ധമായി കേരള ആഴക്കടൽ തീരത്ത് മീൻപിടിത്തത്തിന് അനുമതി നൽകിയെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം.
അമേരിക്കൻ കമ്പനിയുമായി കെ.എസ്.ഐ.ഡി.സി ഒപ്പുവച്ച ധാരണാപത്രത്തിന്റെയും ചേർത്തല പള്ളിപ്പുറത്ത് നാലേക്കർ സ്ഥലം അനുവദിച്ചതിന്റെയും രേഖകളും അദ്ദേഹം പുറത്തുവിട്ടിരുന്നു. എന്നാൽ, ധാരണാപത്രം റദ്ദാക്കാൻ തീരുമാനിച്ചെങ്കിലും ഇ.എം.സി.സിയുമായി അസന്റ് 2020-ൽ ഒപ്പുവച്ച ധാരണാപത്രവും ചേർത്തല പള്ളിപ്പുറത്ത് നാലേക്കർ ഭൂമി വിട്ടുനൽകിയ നടപടിയും റദ്ദാക്കിയിട്ടില്ല. ഇ.എം.സി.സിയുമായി രണ്ട് ധാരണാപത്രങ്ങളും ഒരു കരാറുമാണ് ഒപ്പുവച്ചത്.
പദ്ധതിയുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ കേന്ദ്ര സർക്കാരിനെഴുതിയ കത്തും അസന്റ് 2020-നെക്കുറിച്ച് നിയമസഭയിൽ ഇ.എം.സി.സി പദ്ധതി മറച്ചുവച്ച് വ്യവസായമന്ത്രി മറുപടി നൽകിയതിന്റെ തെളിവുകളും അമേരിക്കൻ കമ്പനി ചെയർമാനുമായി മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും കൂടിക്കാഴ്ച നടത്തിയെന്ന വിവരവും പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു. ഇക്കാര്യം ഇ.എം.സി.സിയുടെ സംസ്ഥാനത്തെ പ്രതിനിധി ശരിവച്ചതിനെ തുടർന്നാണ് ധാരണാപത്രം റദ്ദാക്കാൻ തീരുമാനിച്ചത്.
ധാരണാപത്രം ഇങ്ങനെ
2950 കോടിയുടെ പദ്ധതിയാണ് ഒപ്പുവച്ചത്. കരാർ പ്രകാരം രണ്ടു കോടി രൂപ വിലവരുന്ന 400 ആഴക്കടൽ ട്രോളറുകളും അഞ്ച് മദർഷിപ്പുകളും ഇ.എം.സി.സി നിർമ്മിക്കും. ഏഴ് തുറമുഖങ്ങൾ നവീകരിക്കും. സംസ്ഥാനത്തെ 200 വിപണന കേന്ദ്രങ്ങളിൽ മത്സ്യവിൽപന നടത്തും. ശേഷിക്കുന്ന മത്സ്യസമ്പത്ത് കയറ്റുമതി ചെയ്യും. സംസ്ഥാനത്ത് മത്സ്യസംസ്‌കരണ കേന്ദ്രങ്ങൾ സ്ഥാപിക്കും. മത്സ്യത്തൊഴിലാളികൾക്കായി ആശുപത്രികൾ നിർമ്മിക്കും. സെൻട്രൽ മറൈൻ ഇൻസ്റ്റിറ്റ്യൂട്ടിന് ട്രോളർ ബോട്ടുകളും നൽകും.