crime-branch

എറണാകുളം: സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയിലേക്ക്. ഇ.ഡിക്കെതിരായി ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയെയാണ് ക്രൈംബ്രാഞ്ച് സമീപിച്ചത്. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നുവെന്ന സന്ദീപ് നായരുടെ പരാതിയിലാണ് ക്രൈംബ്രാഞ്ച് ഇഡിക്കെതിരെ കേസെടുത്തത്. ഈ സാഹചര്യത്തില്‍ പ്രതിയെ ചോദ്യം ചെയ്താല്‍ മാത്രമേ നിജസ്ഥിതി അറിയാന്‍ സാധിക്കുകയുള്ളുവെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

അതേസമയം സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ അസംബന്ധമാണെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു. കേസിലെ തെളിവുകള്‍ നശിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് അന്വേഷണമെന്ന് ഇഡി ആരോപിച്ചു. ഒരു അന്വേഷണ ഏജന്‍സി ശേഖരിച്ച തെളിവുകള്‍ പരിശോധിക്കാന്‍ മറ്റൊരു ഏജന്‍സിക്ക് അനുവാദമില്ല. ഇത് പരിശോധിക്കേണ്ടത് കോടതിയാണ്.

സ്വര്‍ണക്കടത്ത് കേസില്‍ വ്യാജ തെളിവുകള്‍ സൃഷ്ടിക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്. ഇതിന്റെ പേരില്‍ ക്രൈംബ്രാഞ്ചിനെതിരെ കേസെടുക്കാന്‍ ഇ.ഡിയ്ക്ക് സാധിക്കുമെന്നും അവര്‍ കോടതിയില്‍ അറിയിച്ചു. ഇഡിയ്ക്ക് എതിരായ ക്രൈംബ്രാഞ്ചിന്റെ എഫ്‌ഐആര്‍ അസംബന്ധമാണ്. സ്വപ്‌നയുടെ ഫോണ്‍ റെക്കോര്‍ഡ് ചെയ്തത് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസുകാരിയുടെ സഹായത്തോടെയാണ്. ഇവരെ തന്നെയാണ് കേസില്‍ സാക്ഷിയാക്കിയിരിക്കുന്നത്. ഇക്കാര്യം സ്വപ്‌നയുടെ മൊഴിയില്‍ വ്യക്തമാണെന്നും ഇഡി അറിയിച്ചു. ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്ന ഇഡി ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം തുടരുകയാണ്.

അതേസമയം ഇഡിക്കെതിരായ അന്വേഷണ ഉത്തരവിൽ ഡിജിപി ഒപ്പിടാതിരുന്നതും ചർച്ചയാകുന്നുണ്ട്. പകരം ഒപ്പിട്ടതാകട്ടെ പൊലീസ് ആസ്ഥാനത്ത് ഡിജിപിയുടെ ഫയലുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന രഹസ്യ വിഭാഗമായ ടി സെക്ഷനിലെ രണ്ട് ജൂനിയര്‍ സൂപ്രണ്ടുമാരും. കേസ് എടുത്ത പൊലീസ് ഉന്നതര്‍ക്കെതിരെ ഇഡി തിരിച്ചും കേസെടുക്കാന്‍ ഒരുങ്ങുകയാണെന്നും അതില്‍ നിന്ന് അത്ര എളുപ്പത്തില്‍ ഊരിമാറാന്‍ കഴിയില്ലെന്നും അറിഞ്ഞതോടെയാണ് മിനിസ്റ്റീരിയല്‍ ജീവനക്കാരെ ബലിയാടാക്കി ഡിജിപി തലയൂരിയത്.