ddd

ഒമ്പത് ചിത്രങ്ങൾ പ്രദർശനത്തിന്

മഹാമാരിയുടെ ദൈന്യതയിൽ നിന്ന് മമ്മൂട്ടിച്ചിത്രം ദി പ്രീസ്റ്റിലൂടെ ബോക്സോഫീസ് ചൈതന്യം തിരിച്ചുപിടിച്ച കേരളത്തിലെ പ്രദർശനശാലകളിൽ വീണ്ടും ഉത്സവമേളമുയർത്താൻ ആറ് ചിത്രങ്ങൾ. മോഹൻലാൽ ചിത്രം ദൃശ്യം 2 ഇടിമുഴക്കം സൃഷ്ടിച്ച ഡിജിറ്റൽ പ്ളാറ്റ്‌ഫോമിലും മൂന്ന് ചിത്രങ്ങൾ റിലീസ് ചെയ്യുന്നുണ്ട്.

വിഷു സീസൺ കഴിയും മുൻപേ റംസാൻ നൊയമ്പ് കാലം ആരംഭിക്കുന്നതിനാൽ ഒരുമാസക്കാലം വമ്പൻ റിലീസുകളില്ലാതെ നിശ്ചലമായേക്കാവുന്ന ബോക്സാഫീസിന് പുത്തനുണർവ് നൽകാൻ പുതിയ റിലീസുകൾക്കാകുമെന്നാണ് പ്രതീക്ഷ.

മലയാള ചിത്രങ്ങൾക്കൊപ്പം രണ്ട് തമിഴ് ചിത്രങ്ങളും വിഷുവിന് മുന്നോടിയായി തിയേറ്ററുകളിലെത്തുന്നുണ്ട്.

നവാഗതനായ പ്രിൻസ് ജോയി സംവിധാനം ചെയ്യുന്ന അനുഗ്രഹീതൻ ആന്റണി ഇന്ന് തിയേറ്ററുകളിലെത്തും. സണ്ണി വയ്‌ൻ നായകനാകുന്ന ചിത്രത്തിൽ 96 ഫെയിം ഗൗരി കിഷനാണ് നായിക. ഇന്ദ്രൻസ്, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, അലക്സാണ്ടർ പ്രശാന്ത്, മുത്തുമണി, ലുക്ക്‌മാൻ, ജാഫർ ഇടുക്കി, മണികണ്ഠൻ ആചാരി, ബൈജു സന്തോഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. നവാഗതനായ നവീൻ ടി. മണിലാലിന്റേതാണ് രചന. ഛായാഗ്രഹണം : സെൽവകുമാർ. എസ്.

ബിജുമേനോൻ, പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ എന്നിവർ പ്രധാന വേഷങ്ങളവതരിപ്പിക്കുന്ന ആർക്കറിയാം ഏപ്രിൽ മൂന്നിന് തിയേറ്ററുകളിലെത്തും. പ്രശസ്ത ഛായാഗ്രാഹകനായ സാനു ജോൺ വർഗീസ് സംവിധായകനാകുന്ന ആർക്കറിയാമിന്റെ രചന നിർവഹിക്കുന്നത് നവാഗതനായ അരുൺ ജനാർദ്ദനനാണ്. ജി. ശ്രീനിവാസ് റെഡ്ഡിയാണ് ഛായാഗ്രാഹകൻ. മൂൺ ഷോട്ട് എന്റർടെയ്ൻമെന്റ്‌സിന്റെയും ഒ.പി.എം ഡ്രീം മിൽ സിനിമാസിന്റെയും ബാനറിൽ സന്തോഷ്. ടി. കുരുവിളയും ആഷിക്ക് അബുവും ചേർന്നാണ് നിർമ്മാണം.

ശിവകാർത്തികേയനും കീർത്തി സുരേഷും പ്രധാന വേഷങ്ങളവതരിപ്പിച്ച റെമോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ ഭാഗ്യരാജ് കണ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന സുൽത്താൻ ഏപ്രിൽ 2ന് ലോകവ്യാപകമായി റിലീസ് ചെയ്യും. കാർത്തി നായകനാകുന്ന ചിത്രത്തിൽ ഗീതാഗോവിന്ദം ഫെയിം രശ്മിക മന്ദാനയാണ് നായിക. ലാൽ, നെപ്പോളിയൻ, യോഗി ബാബു തുടങ്ങിയവരാണ് ആക്‌ഷൻ മസാല മാസ് എന്റർടെയ്‌നറായ സുൽത്താനിലെ മറ്റ് താരങ്ങൾ.

നയൻതാരയെയും കുഞ്ചാക്കോ ബോബനെയും നായികാനായകന്മാരാക്കി നവാഗതനായ അപ്പു എൻ. ഭട്ടതിരി സംവിധാനം ചെയ്യുന്ന മിസ്‌റ്ററി ത്രില്ലറായ നിഴൽ ഏപ്രിൽ നാലിന് തിയേറ്ററുകളിലെത്തും.

സൈജു കുറുപ്പ്, മാസ്റ്റർ ഐസിൻ ഹാഷ്, വിനോദ് കോവൂർ, ഗോപാൽ സാദിഖ്, സിയാദ് യദു, ദിവ്യപ്രഭ, ആദ്യപ്രസാദ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ചാർലിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ജോസഫിന് ശേഷം ഷാഗി കബീർ രചന നിർവഹിക്കുന്ന, അയ്യപ്പനും കോശിക്കും ശേഷം ഗോൾഡ് കോയിൻ മോക്ഷൻ പിക്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്തും പി.എം. ശശിധരനും ചേർന്ന് നിർമ്മിക്കുന്ന നായാട്ട് ഏപ്രിൽ 8ന് തിയേറ്ററുകളിലെത്തും. കുഞ്ചാക്കോ ബോബനം ജോജുജോർജും നിമിഷാ സജയനുമാണ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. കാമറ: ഷൈജു ഖാലിദ്.

ധനുഷ് നായകനാകുന്ന കർണ്ണൻ ഏപ്രിൽ 9ന് തിയേറ്ററുകളിലെത്തും. പ്രേക്ഷക പ്രീതിയും പുരസ്കാരങ്ങളും വാരിക്കൂട്ടിയ പരിയേറും പെരുമാളിന് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഈ ആക്‌ഷൻ ത്രില്ലറിൽ രജീഷാ വിജയനാണ് നായിക. ലാലാണ് മറ്റൊരു പ്രധാന താരം. ആശീർവാദ് സിനിമാസാണ് കർണ്ണൻ കേരളത്തിൽ റിലീസ് ചെയ്യുന്നത്.

കാറ്റിനരികെ പ്രൈം റീൽസിൽ

ഒ.ടി.ടിയിൽ 3 ചിത്രങ്ങൾ

വിവിധ ഒ.ടി.ടി പ്ളാറ്റ്‌ഫോമുകളിലായി മൂന്ന് മലയാള ചിത്രങ്ങളാണ് ഏപ്രിൽ ആദ്യവാരം റിലീസ് ചെയ്യുന്നത്. ഏപ്രിൽ 4ന് ഈസ്റ്റർ ദിനത്തിൽ പ്രൈം റീൽസിൽ റിലീസ് ചെയ്യുന്ന കാറ്റിനരികെയാണ് ഇതിലൊന്ന്. കാപ്പ് ക്രിയേഷൻസിന്റെ ബാനറിൽ റോയ് കാരക്കാട്ട് കപ്പൂച്ചിൻ സംവിധാനം ചെയ്യുന്ന ഈ കുടുംബ ചിത്രത്തിൽ അശോകനാണ് നായകൻ. ചാലി പാല, ജോബി, സിദ്ധാർത്ഥ് ശിവ, സിനി എബ്രഹാം എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ഫഹദ് ഫാസിലിനെ നായകനാക്കി ശ്യാം പുഷ്‌കരന്റെ രചനയിൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ജോജി ഏപ്രിൽ 7ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ബാബുരാജും ഉണ്ണിമായാ പ്രസാദുമാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. വർക്കിംഗ് ക്ളാസ് ഹീറോ, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ്, ഭാവന സ്റ്റുഡിയോ എന്നീ ബാനറുകൾ ചേർന്ന് നിർമ്മിക്കുന്ന ജോജിയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഷൈജു ഖാലിദാണ്.

ഫഹദ് ഫാസിൽ നായകനാകുന്ന മറ്റൊരു ചിത്രമായ ഇരുൾ ഏപ്രിൽ 2ന് നെറ്റ് ഫ്ളിക്സിൽ റിലീസ് ചെയ്യും. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ളാൻ സ്റ്റുഡിയോസിന്റെയും ബാനറിൽ ആന്റോ ജോസഫും ജോമോൻ ടി. ജോണും ഷമീർ മുഹമ്മദും ചേർന്ന് നിർമ്മിക്കുന്ന ഈ ത്രില്ലറിൽ സൗബിൻ ഷാഹിറും ദർശന രാജേന്ദ്രനുമാണ് മറ്റ് പ്രധാന താരങ്ങൾ.

നവാഗതനായ നസീഫ് യൂസഫ് ഇസുദീൻ സംവിധാനം ചെയ്യുന്ന ഇരുളിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ജോമോൻ ടി. ജോണാണ്.