
ഇസ്ലാമാബാദ്/ന്യൂഡൽഹി: ഇന്ത്യ - പാകിസ്ഥാൻ നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കാൻ താത്പര്യം പ്രകടിപ്പിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ജമ്മു കാശ്മീർ ഉൾപ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇമ്രാൻ ഖാൻ കത്തയച്ചു. പാക് റിപ്പബ്ലിക് ദിനമായ മാർച്ച് 23ന് നരേന്ദ്ര മോദി ഖാന് കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ഖാൻ മോദിയ്ക്ക് കത്തയച്ചത്. പാക് ദിനത്തിൽ ആശംസയറിയിച്ചതിന് ഞാൻ മോദിയ്ക്ക് നന്ദി പറയുന്നു. പാക് ജനത ഇന്ത്യയുമായി സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നത്. ഇന്ത്യയുൾപ്പെടെ എല്ലാ അയൽ രാജ്യങ്ങളുമായും പാകിസ്ഥാൻ നല്ല ബന്ധം ആഗ്രഹിക്കുന്നു - ഖാൻ കത്തിൽ കുറിച്ചു. കൊവിഡ് പോരാട്ടത്തിൽ ഇന്ത്യൻ ജനതയ്ക്ക് അദ്ദേഹം ആശംസകൾ അറിയിച്ചു. ജമ്മു കാശ്മീരിനെ ചൊല്ലി ഇന്ത്യക്കും പാകിസ്ഥാനുമിടയിലുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കണമെന്നും കത്തിൽ പറയുന്നുണ്ട്. ജമ്മു കാശ്മീർ പ്രശ്‌നം പരിഹരിക്കുന്നതിലൂടെ ദക്ഷിണേഷ്യയിൽ സമാധാനവും സുസ്ഥിരതയും നിലനിൽക്കുമെന്ന് ഞങ്ങൾക്ക് ബോദ്ധ്യമുണ്ട്. അതിനായി ക്രിയാത്മകവും ഫലത്തെ അടിസ്ഥാനമാക്കിയുള്ളതുമായ സംഭാഷണത്തിന് പ്രാപ്തമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും ഖാൻ കത്തിൽ കുറിച്ചു.
ഇന്ത്യയിൽ നിന്ന് പരുത്തി ഇറക്കുമതി ചെയ്യാൻ പാകിസ്ഥാൻ
ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നും പരുത്തിയും നൂലും ഇറക്കുമതി ചെയ്യാൻ പാക് ഇക്കണോമിക് കോർഡിനേഷൻ കൗൺസിൽ അനുമതി നൽകിയെന്ന് റിപ്പോർട്ട്. പാകിസ്ഥാനിൽ സുപ്രധാന തീരുമാനങ്ങളെടുക്കുന്ന പ്രധാന കൗൺസിലാണിത്. പാക് വാണിജ്യ മന്ത്രാലയത്തിന്റെ യോഗം വിളിച്ച് ചേർത്തതിന് പിന്നാലെയാണ് ഇറക്കുമതിയുമായി ബന്ധപ്പെട്ട വാർത്ത പുറത്ത് വന്നത്. ഇന്ത്യയിൽ നിന്ന് പഞ്ചസാര ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ചുള്ള ചർച്ചകളും നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
തുടക്കമിട്ടത് മോദി
ആണവ - സായുധ മേഖലകളിൽ സമാധാനപരമായ സഹകരണം ആവശ്യപ്പെട്ടുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 23ന് ഇമ്രാൻ ഖാന് കത്തയച്ചത്. പരസ്പര വിശ്വാസ്യതയും ഭീകരത തുടച്ചുനീക്കാനുള്ള നടപടികളും സൃഷ്ടിക്കണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു.
വെടിനിറുത്തൽ കരാർ
കഴിഞ്ഞ ഫെബ്രുവരി 25 ന് നിയന്ത്രണ രേഖയിൽ വെടിനിറുത്തൽ കരാർ പാലിക്കാൻ ഇന്ത്യയും പാകിസ്ഥാനും പരസ്പരധാരണയിലെത്തിയിരുന്നു.
ചർച്ചകൾ വഴിമുട്ടിയതിങ്ങനെ
2016ലെ പത്താൻകോട്ട് ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ-പാക് ചർച്ചകൾ വഴിമുട്ടിയത്. ഉറി സർജിക്കൽ സ്ട്രൈക്ക്, പുൽവാമ ഭീകരാക്രമണം എന്നിവ ഇരു രാജ്യങ്ങളൾക്കിടയിലുള്ള പ്രശ്നങ്ങൾ കൂടുതൽ വഷളാക്കിയിരുന്നു.