chennithala

തിരുവനന്തപുരം: ഇരട്ടവോട്ട് സംബന്ധിച്ച പൂർണവിവരങ്ങൾ ഇന്ന് രാത്രി ഒൻപതിന് പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. www.operationtwins.com എന്ന വെബ്‌സൈറ്റിലൂടെയാകും വിവരങ്ങൾ പുറത്തുവിടുക. നാലുലക്ഷത്തി മുപ്പത്തിനാലായിരം വ്യാജ വോട്ടർമാരുടെ വിവരങ്ങളാവും പുറത്തുവിടുക. പുറത്തുവിടുന്ന വിവരങ്ങൾ എല്ലാ രാഷ്ട്രീയപാർട്ടികൾക്കും പരിശോധിക്കാവുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.

ഇരട്ടവോട്ടുമായി ബന്ധപ്പെട്ട തന്റെ ഹർജിയിലെ ഹൈക്കോടതി വിധിയിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ വോട്ടർപട്ടിക അബദ്ധ പഞ്ചാംഗമാണെന്ന് ഹൈക്കോടതിക്ക് ബോധ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മിഷൻ 68,000 വോട്ടുകൾ മാത്രമെന്ന് പറഞ്ഞത് ശരിയല്ല. അവർ വേണ്ടരീതിയിൽ പരിശോധിച്ചിട്ടില്ല. പല ബൂത്തുകളിലായിട്ടാണ് വോട്ടുകൾ കിടക്കുന്നത്. അത് കണ്ടുപിടിക്കാൻ ഒരു ബിഎൽ ഒ വിചാരിച്ചാൽ നടക്കില്ല- ചെന്നിത്തല പറഞ്ഞു.

ഇരട്ടവോട്ട് തടയണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹർജി ഹൈക്കോടതി അല്പം മുമ്പാണ് തീർപ്പാക്കിയത്. ഇരട്ടവോട്ട് തടയാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ സമർപ്പിച്ച മാർഗരേഖ ഹൈക്കോടതി പൂർണമായും അംഗീകരിക്കുകയായിരുന്നു. ഇതിനൊപ്പം തപാൽ വോട്ടുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന കാര്യത്തിലും ഹൈക്കോടതി ഇടപെട്ടു. കോൺഗ്രസ് സ്ഥാനാർത്ഥികളാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്.