
മാസ്റ്ററിനുശേഷം വിജയ് നായകനാകുന്ന 65ാംമത്തെ ചിത്രം ചെന്നൈയിൽ ആരംഭിച്ചു. വിജയ്യും പൂജ ഹെഗ്ഡെയും തമ്മിലുള്ള ഗാനം ചിത്രീകരിച്ചാണ് തുടക്കം. നെൽസൺ ദിലീപ് സംവിധാനം ചെയ്യുന്ന ചിത്രം വൻബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.നയൻതാര നായികയായ കോലമാവ് കോകില എന്ന ചിത്രത്തിലൂടെ കോളിവുഡിൽ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് നെൽസൺ. ശിവകാർത്തികേയനെ നായകനാക്കി ഒരുക്കിയ ഡോക്ടറിനുശേഷം നെൽസൺ ദിലീപ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജീവയുടെ നായികയായി മിഷ്കിൻ സംവിധാനം ചെയ്ത മുഖംമൂടിയിലൂടെ തമിഴിൽ അരങ്ങേറിയ പൂജ െഹഗ്ഡേ എട്ടുവർഷങ്ങൾക്കുശേഷമാണ് വീണ്ടും തമിഴിൽ അഭിനയിക്കുന്നത്. ഫഹദ് ഫാസിലിനോടൊപ്പം ഞാൻ പ്രകാശനിലും വിനീത് ശ്രീനിവാസനോടൊപ്പം മനോഹരത്തിലും അഭിനയിച്ച അപർണദാസും ഇനിയും പേരിട്ടിട്ടില്ലാത്ത ഇൗ ചിത്രത്തിൽ ഒരു സുപ്രധാനവേഷം അവതരിപ്പിക്കുന്നുണ്ട്. അപർണയുടെ ആദ്യ തമിഴ് ചിത്രമാണിത്.