
ബംഗളൂരു: ടാക്സി ഡ്രൈവർ തീകൊളുത്തി ആത്മഹത്യ ചെയ്തതിനെ തുടർന്ന് ബംഗളൂരു കെംപെഗൗഡ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള ടാക്സി ഡ്രൈവർമാർ പ്രഖ്യാപിച്ച മിന്നൽ പണിമുടക്കിൽ യാത്രക്കാർ വലഞ്ഞു.
വിമാനത്താളവത്തിൽ നിന്നുള്ള ടാക്സി സർവീസുകൾ നിലച്ചതോടെ വിമാനത്താവളത്തിൽനിന്ന് പോകുന്നവരും വരുന്നവരും സ്വന്തംനിലയ്ക്ക് യാത്രമാർഗം ഉറപ്പുവരുത്തുകയോ ബി.എം.ടി.സി ബസ് സർവീസുകൾ ഉപയോഗപ്പെടുത്തുകയോ ചെയ്യണമെന്ന് വിമാനത്താവള അധികൃതർ നിർദ്ദേശിച്ചു.
ചൊവ്വാഴ്ച രാവിലെയാണ് ടാക്സി ഡ്രൈവറായ പ്രതാപ് ഗൗഡ കെംപെഗൗഡ വിമാനത്താവളത്തിൽ പാർക്ക് ചെയ്ത കാറിനുള്ളിൽ വച്ച് തീകൊളുത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടാണ് മരണകാരണമെന്നാണ് വിവരം.
മറ്റ് ഡ്രൈവർമാർ പാഞ്ഞെത്തി, തീ അണച്ച ശേഷം പ്രതാപിനെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അർദ്ധരാത്രിയോടെ മരിച്ചു. ഇതിന് പിന്നാലെയാണ് വിമാനത്താവളത്തിലെ മറ്റു ടാക്സി ഡ്രൈവർമാർ പണിമുടക്ക് ആരംഭിച്ചത്.