
സോൾ: ഏഷ്യൻ വംശജരായതിനാൽ പലതവണ വിവേചനം നേരടേണ്ടി വന്നിട്ടുണ്ടെന്നും ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ലോക പ്രശസ്ത ദക്ഷിണ കൊറിയൻ സംഗീത ബാൻഡായ ബി.റ്റി.എസ്. കഴിഞ്ഞയാഴ്ച അമേരിക്കൻ സംസ്ഥാനമായ ജോർജിയയിലെ സ്പായിൽ നടന്ന വെടിവയ്പ്പിൽ ഏഷ്യക്കാരായ ആറ് സ്ത്രീകൾ കൊല്ലപ്പെട്ടിരുന്നു. ഇവർക്ക് ആദരാഞ്ജലി അർപ്പിച്ച് കൊണ്ട് ട്വിറ്ററിൽ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ബി.റ്റി.എസ് വിവേചനത്തിനിരയായ കാര്യം തുറന്നു പറഞ്ഞത്.
ഗ്രാമി നോമിനേഷൻ നേടിയ ബി.ടി.എസിനെതിരെ ഒരു ജർമൻ ആർ.ജെ വംശീയാധിക്ഷേപം നടത്തിയിരുന്നു. കൊവിഡ് 19 മഹാമാരിയെന്നായിരുന്നു ഇയാൾ ബാൻഡിനെ വിശേഷിപ്പിച്ചത്.
ഞങ്ങൾക്ക് ദുഖവും അമർഷവും തോന്നുന്നുണ്ട്. ഏഷ്യാക്കാരയതിന്റെ പേരിൽ വിവേചനം നേരിടേണ്ടി വന്ന സമയങ്ങൾ ഓർത്തുപോവുകയാണ്. ഒരു കാരണവുമില്ലാതെ ഞങ്ങളെ ആളുകൾ അസഭ്യം പറഞ്ഞു. ഞങ്ങളുടെ രൂപത്തെ കളിയാക്കി. ഏഷ്യക്കാർ എന്തിനാണ് ഇംഗ്ലിഷ് പറയുന്നതെന്ന് വരെ ചോദിച്ചവരുണ്ട്.
ആക്രമണങ്ങളും വിദ്വേഷവും നേരിടേണ്ടി വരുമ്പോളുണ്ടാകുന്ന വേദന പറഞ്ഞറയിക്കാനാകില്ല. ഇക്കഴിഞ്ഞ ആഴ്ചകളിൽ നടന്ന സംഭവങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഞങ്ങളുടെ അനുഭവങ്ങളെല്ലാം എത്രയോ നിസാരമാണെന്ന് അറിയാം. പക്ഷെ ആ അനുഭവങ്ങൾ ഞങ്ങളെ എത്രമാത്രം ബലഹീനരാക്കിയെന്നും സ്വാഭിമാനത്തെ തകർത്തു കളഞ്ഞെന്നും ഞങ്ങൾക്കറിയാം. ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ ഞങ്ങളുടെ ഏഷ്യൻ സത്വത്തിൽ മാറ്റി നിറുത്തി ചിന്തിക്കാനാകില്ല.
വംശീയ വിവേചനത്തിനെതിരെ ഞങ്ങൾ ഒന്നിച്ചുനിൽക്കുകയാണ്. അത് വ്യക്തമായി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ആക്രമണങ്ങളെ ഞങ്ങൾ അപലപിക്കുന്നു. നിനക്കും എനിക്കും ബഹുമാനിക്കപ്പെടാനുള്ള അവകാശമുണ്ട്. നമ്മൾ ഒന്നിച്ചുനിൽക്കും - ബി.ടി.എസ് പ്രസ്താവനയിൽ വ്യക്തമാക്കി.
അമേരിക്കയിൽ വംശീയത വർദ്ധിക്കുന്നു
അടുത്ത കാലത്തായി അമേരിക്കയിൽ ഏഷ്യൻ വംശജർക്കെതിരെയുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ടൈംസ് സ്ക്വയറിന് സമീപം 65കാരിയായ ഫിലിപ്പിനോ- അമേരിക്കൻ സ്ത്രീ ക്രൂരമായ വംശീയവെറിയ്ക്ക് ഇരയായി. നിങ്ങൾ ഇവിടത്തുകാരിയല്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു അജ്ഞാതനായ അക്രമി ഇവരെ ആക്രമിച്ചത്. വയോധികയുടെ വയറിന് ചവിട്ടി താഴെയിട്ട പ്രതി പിന്നീട് തുടർച്ചയായി തലക്ക് ചവിട്ടുകയായിരുന്നു. പരിക്കേറ്റ് വീണ വയോധികയെ ആക്രമിച്ച ശേഷം കുറ്റവാളി നടന്നു നീങ്ങി. മാൻഹട്ടന് സമീപത്തുള്ള ഹെൽസ് കിച്ചണിന്റെ സെക്യൂരിറ്റി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിലൂടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്. കുറ്റവാളിയെ തിരിച്ചറിയാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് പൊലീസാണ് വീഡിയോ പങ്കുവച്ചത്. സംഭവം കണ്ടിട്ടും സമീപത്തുള്ളവരാരും സ്ത്രീയെ സഹായിച്ചില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ച വയോധികയുടെ തലക്കും ഇടുപ്പെല്ലിനും ഗുരുതരമായി പരിക്കേറ്റതായി ഡോക്ടർമാർ അറിയിച്ചു. അതേസമയം, വയോധികയെ സഹായിക്കാതിരുന്നവർക്കെതിരെ വൻ പ്രതിഷേധമുയരുന്നുണ്ട്.