qq

കോഴിക്കോട്: റെയിൽവേ ജീവനക്കാർ സിഗ്‌നൽ ലൈൻ മുറിച്ച് മാറ്റിയ സംഭവത്തിൽ കേന്ദ്ര ഏജൻസി അന്വേഷണം തുടങ്ങി. അട്ടിമറി ശ്രമമാണോ മേലുദ്യോഗസ്ഥന് 'പണികൊടുക്കാൻ ' ചെയ്തതാണോ എന്നതാണ് രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുന്നത്. ആർ.പി.എഫിന് പുറമെയാണ് കേന്ദ്ര ഏജൻസിയും അന്വേഷിക്കുന്നത്.

മാർച്ച് 24നാണ് കല്ലായി റെയിൽവേ സ്റ്റേഷന് സമീപം അഞ്ച് കിലോമീറ്റർ ദൂരത്തിൽ അഞ്ച് സ്ഥലങ്ങളിലായി കേബിൾ ലൈൻ മുറിച്ചതായി കണ്ടെത്തിയത്. അട്ടിമറിയെന്ന സംശയത്തിൽ റെയിൽവേ സംരക്ഷണ സേന നടത്തിയ അന്വേഷണത്തിൽ ഫറോക്ക് റെയിൽവേ സ്റ്റേഷനിലെ സിഗ്‌നൽ ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ വിഭാഗം ജീവനക്കാരായ കക്കോടി സ്വദേശി പ്രവീൺരാജ് (34), സുൽത്താൻ ബത്തേരി സ്വദേശി ജിനീഷ് (33) എന്നിവർ അറസ്റ്റിലായിരുന്നു. മേലുദ്യോഗസ്ഥനുമായുള്ള തർക്കത്തിന് പ്രതികാരമായി അദ്ദേഹത്തെ കുടുക്കാൻ ബോധപൂർവം കേബിളുകൾ മുറിച്ചുവെന്നായിരുന്നു അറസ്റ്റിലായവരുടെ വിശദീകരണം.

2017ലും സമാന സ്വഭാവമുള്ള സംഭവമുണ്ടായതിനാൽ അതുമുതൽ അന്വേഷിക്കാനാണ് നിർദ്ദേശം. പ്രതികളുടെ തൊഴിലാളി സംഘടനാ പ്രവർത്തനങ്ങളും രാഷ്ട്രീയ ബന്ധങ്ങളും അന്വേഷിക്കും. അറസ്റ്റിലായവർ ആശ്രിത നിയമനം വഴി ജോലി നേടിയവരാണ്. പ്രതികൾക്ക് ജാമ്യം കിട്ടിയതിന് പിന്നിൽ അജ്ഞാത കരങ്ങളുണ്ടോയെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. വെസ്റ്റ്ഹിൽ, വടകര എന്നിവിടങ്ങളിൽ സമാന സംഭവങ്ങൾ ചെറിയ തോതിൽ ആവർത്തിച്ചത് അന്വേഷണസംഘം ഗൗരവമായാണ് കാണുന്നത്.