starship

വാഷിംഗ്ടൺ: സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് പ്രോട്ടോടൈപ്പ് (എസ്.എൻ 11)​ ലാൻഡിംഗിനിടെ പൊട്ടിത്തെറിച്ചു. സ്‌പേസ് എക്‌സിന്റെ അടുത്ത തലമുറ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ ഏറ്റവും പുതിയ പ്രോട്ടോടൈപ്പ് ചൊവ്വാഴ്ചയാണ് പരീക്ഷിച്ചത്. വിക്ഷേപണം വിജയമായിരുന്നു. എന്നാൽ,​ ലാൻഡ് ചെയ്ത് മിനിറ്റുകൾക്ക് ശേഷം റോക്കറ്റ് പൊട്ടിത്തെറിച്ചു. ചൊവ്വാ ദൗത്യത്തിനായി വികസിപ്പിച്ചെടുക്കുന്ന റോക്കറ്റിന്റെ അവസാന പതിപ്പായിരുന്നു ഇത്. തൊട്ടു മുൻപ് നടന്ന മൂന്ന് പരീക്ഷണത്തിലും ലാൻഡിംഗ് ശ്രമത്തിനിടെയായിരുന്നു സ്പേസ് എക്സ് പൊട്ടിത്തെറിച്ചത്.

സുരക്ഷിതമായി ലാൻഡ് ചെയ്യുന്നതിൽ സ്റ്റാർഷിപ്പ് പരാജയപ്പെട്ടു ഇത് സംബന്ധിച്ച് അന്വേഷിച്ചുവരികയാണെന്നും സ്പേസ് എക്സ് വക്താവ് പറഞ്ഞു. ലാൻഡിംഗിനിടെ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് റോക്കറ്റിന്റെ ഫ്ലൈറ്റ് ടെസ്റ്റിന്റെ വെബ്‌കാസ്റ്റിൽ സ്‌പേസ് എക്‌സ് എൻജിനീയർ ജോൺ ഇൻസ്പ്രക്കർ പറഞ്ഞു. മൂടൽ മഞ്ഞ് കാരണം കൃത്യമായ ലാൻഡിംഗിന്റെ വീഡിയോ പകർത്താൻ സാധിച്ചില്ല. ലാൻഡിംഗ് സൈറ്റിൽ നിന്ന് എട്ട് കിലോമീറ്റർ അകലെ നിന്നുവരെ പേടകത്തിന്റെ അവശിഷ്ടങ്ങൾ ലഭിച്ചെന്നാണ് റിപ്പോർട്ട്. എൻജിൻ രണ്ടിന് ടേക്ക് ഓഫിൽ പ്രശ്‌നങ്ങളുണ്ടെന്നാണ് തോന്നുന്നത്. ലാൻഡിംഗ് ബേൺ സമയത്ത് ഓപ്പറേറ്റിംഗ് ചേംബർ കൃത്യമായ മർദ്ദത്തിൽ എത്തിയില്ല. പക്ഷേ തത്വത്തിൽ ഇത് ആവശ്യമില്ലായിരുന്നു.

ലാൻ‌ഡിംഗ് ബേൺ‌ ആരംഭിച്ചതിന്‌ തൊട്ടുപിന്നാലെ എന്തോ ഒരു പ്രധാന കാര്യം സംഭവിച്ചിട്ടുണ്ട്.

- സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്ക് ട്വീറ്റ് ചെയ്തു.

 സ്റ്റാറാണ് സ്റ്റാർഷിപ്പ്

 ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യരെ എത്തിക്കാനായി നിർമ്മിച്ച മെഗാ റോക്കറ്റാണ് സ്റ്റാർഷിപ്പ്.  164 അടി പൊക്കം

 30 അടി വ്യാസം.

‌റോക്കറ്റിനെ സൂപ്പർ ഹെവി എന്ന ബൂസ്റ്റർ സംവിധാനവുമായി ഒന്നിപ്പിച്ചിരിക്കുകയാണ്. ഇതു രണ്ടും കൂടെ ചേരുമ്പോൾ സൃഷ്ടിക്കപ്പെടുന്ന റോക്കറ്റിന് 387 അടി ഉയരമുണ്ടാകും.

 ബഹിരാകാശത്തേക്ക് വഹിക്കുന്നത് 220,000 പൗണ്ട്

 റോക്കറ്റ് പുനരുപയോഗിക്കാം. ഇതിലൂടെ ബഹിരാകാശ സഞ്ചാരത്തിനു വേണ്ടിവരുന്ന പണം ലാഭിക്കാം.

 സ്റ്റെയിൻ‌ലെസ് സ്റ്റീൽ ഉപയോഗിച്ചാണ് സ്റ്റാർഷിപ്പ് നിർമിച്ചത്.

 സ്റ്റീലാകുമ്പോൾ ചെലവു കുറയും.

 എളുപ്പത്തിൽ ഘടിപ്പിക്കാം.

 ബഹിരാകാശത്തെ കഠിന തണുപ്പിലെത്തുമ്പോൾ സ്റ്റീലിന് ശക്തി കൂടും.

സ്റ്റീലിന് ഉരുകാൻ കൂടുതൽ താപം വേണമെന്നത് തിരിച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ സഹായകമാകും.