
ലണ്ടൻ : കൈമുട്ടിലെ പരിക്കിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇംഗ്ളീഷ് പേസർ ജൊഫ്ര ആർച്ചർക്ക് രണ്ടാഴ്ചത്തെ വിശ്രമം വേണ്ടിവരും. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് താരമായ ആർച്ചർക്ക് ഈ സീസൺ ഐ.പി.എല്ലിലെ ആദ്യ നാലുമത്സരങ്ങൾ നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യൻ പര്യടനത്തിന് എത്തുന്നിന് മുന്നേ ആർച്ചർക്ക് കൈമുട്ടിലും വിരലിലും വേദന അനുഭവപ്പെട്ടിരുന്നു. പരമ്പരയ്ക്കിടെ വേദന അധികരിച്ചതോടെ അവസാനമത്സരങ്ങളിൽ കളിക്കാനായില്ല.ഇതേത്തുടർന്ന് നടത്തിയ പരിശോധനയിലാണു നടുവിരലിൽ തറച്ചു കയറിയ ഗ്ലാസ് കഷണം കണ്ടെത്തിയത്. ഇത് നീക്കാനാണ് ഇന്നലെ ശസ്ത്രക്രിയ നടത്തിയത്.
ജനുവരിയിൽ ആർച്ചർ തന്റെ വീട് വൃത്തിയാക്കുമ്പോൾ സ്വീകരണമുറിയിലെ അക്വേറിയം നിലത്തുവീണു പൊട്ടി. മത്സ്യക്കുഞ്ഞുങ്ങളെ എടുത്തുമാറ്റുന്നതിനിടെ താരത്തിന്റെ വലത്തേ കയ്യിലെ നടുവിരൽ ഗ്ലാസ് കൊണ്ട് മുറിഞ്ഞു. ഈ മുറിവ് പിന്നീടു കരിഞ്ഞതോടെ ഇന്ത്യയ്ക്കെതിരെ ടെസ്റ്റ് പരമ്പരയിലും ട്വന്റി20യിലും ആർച്ചർ കളിച്ചു.
പരുക്കേറ്റു നാട്ടിലേക്കു മടങ്ങിയശേഷം നടത്തിയ പരിശോധനയിലാണു വിരലിനുള്ളിൽ ഗ്ലാസ് കഷണം കണ്ടെത്തിയത്.