
ലണ്ടൻ: അപകടത്തിൽ തങ്ങളുടെ പ്രിയ മകന് മസ്തതിഷ്തകമരണം സംഭവിച്ചതോടെ അവന്റെ അവയവങ്ങൾ ദാനം ചെയ്യാൻ നല്ലവരായ ആ മാതാപിതാക്കൾ തയ്യാറായി. പക്ഷെ, ലണ്ടനിലെ സ്റ്റഫോഡ്ഷേർ സ്വദേശിയായ 18 കാരൻ ല്യൂയിസ് റോബർട്സ് അവയവദാന ശസ്ത്രക്രിയ്ക്ക് തൊട്ട് മുൻപ് ഉപകരണസഹായമില്ലാതെ ശ്വസിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തി അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ്. മാർച്ച് 13ന് ഹാർട്ടിംഗ്ടൺ സ്ട്രീറ്റിൽ വച്ച് ഒരു വാൻ ലൂയിസിനെ ഇടിച്ചിടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ലൂയിസിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ലൂയിസിന്റെ ബ്രെയിൻ സ്റ്റെം ഒടിഞ്ഞെന്നും മസ്തിഷ്കമരണം സംഭവിച്ചെന്നും ഇനി പ്രതീക്ഷയ്ക്ക് വകയില്ലെന്നും ഡോക്ടർമാർ പറഞ്ഞതോടെ കുടുംബാംഗങ്ങൾ അവയവദാനത്തിന് സമ്മതമറിയിക്കുകയായിരുന്നു. എന്നാൽ അവയവദാന ശസ്ത്രക്രിയയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ യന്ത്രസഹായമില്ലാതെ ലൂയിസ് വീണ്ടും ശ്വസിച്ചു.
ഇതിനു പിന്നാലെ ലൂയിസിന്റെ നില കൂടുതൽ മെച്ചപ്പെടാൻ തുടങ്ങി. വേദനയോട് പ്രതികരിക്കാനും കൈകാലുകളും തലയും ചലിപ്പിക്കാനും ലൂയിസിനു സാധിക്കുന്നുണ്ട്. കൂടാതെ കണ്ണു ചിമ്മുകയും വായ ചെറുതായി ചലിപ്പിക്കുകയും ചെയ്തതോടെ കുടുംബം പ്രതീക്ഷയിലാണ്. ലൂയിസിന്റെ നില മെച്ചപ്പെടുന്ന സാഹചര്യത്തിൽ കൂടുതൽ ചികിത്സകൾക്ക് ഒരുങ്ങുകയാണ് കുടുംബം. ഇതിനായി ഓൺലൈൻ വഴി ഫണ്ട് സമാഹരണവും തുടങ്ങിയിട്ടുണ്ട്. ഇതിനോടകം 1800 പൗണ്ട് സംഭാവനയായി ലഭിച്ചു കഴിഞ്ഞിട്ടുണ്ടെന്നാണ് വിവരം.