worm-tornado

വാഷിംഗ്ടൺ: കഴിഞ്ഞ ദിവസം ന്യൂജഴ്‌സിയിലെ ഹോബോക്കനിലൂടെ പ്രഭാത നടത്തത്തിനിറങ്ങിയ ഒരു വനിത ഹഡ്‌സൺ നദിക്കു ചാരെയുള്ള പാർക്കിനു സമീപത്തു കൂടി നടക്കവേ അപൂർവവും അത്ഭുതപ്പെടുത്തുന്നതുമായ ഒരു കാഴ്ച കണ്ടു. നടപ്പാതയിൽ ചുഴലിക്കാറ്റിന്റെ ആകൃതിയിൽ കെട്ടുപിണഞ്ഞു കിടക്കുന്ന ആയിരക്കണക്കിനു കൂറ്റൻ മണ്ണിരകൾ. മഴ പെയ്തു കഴിഞ്ഞാൽ മണ്ണിരകൾ ഉപരിതലത്തിൽ കൂട്ടമായെത്തുന്നത് സ്വാഭാവികമാണ്, ന്യൂജഴ്‌സിയിൽ അതിനു കുറച്ചു ദിവസം മുൻപ് കനത്ത മഴയും പെയ്തിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ ഈ മണ്ണിര ചുഴലിയുടെ രഹസ്യമറിയാനുള്ള തിടുക്കത്തിലാണ് ശാസ്ത്രജ്ഞർ.

മഴപെയ്ത ശേഷം കുറച്ചുനാളുകൾ മണ്ണിൽ വെള്ളം കെട്ടിനിൽക്കും. അപ്പോൾ അതിൽപ്പെട്ട് ചാകാതിരിക്കാനാണ് മണ്ണിരകൾ ഭൗമോപരിതലത്തിൽ എത്തുന്നതെന്നു ശാസ്ത്രജ്ഞർ പറയുന്നു. മണ്ണിരകൾ പൊതുവെ തനിച്ചു താമസിക്കാൻ ഇഷ്ടപ്പെടുന്നവരാണെങ്കിലും ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ കൂട്ടം ചേരും. എങ്ങോട്ടുപോകണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ വേണ്ടിയാകും അവർ ഇത്തരത്തിൽ കിടക്കുന്നതെന്നാണ് ഒരു നിഗമനം. ഐസെന്യ ഫെറ്റിഡ വിഭാഗത്തിൽപെട്ട ഈ മണ്ണിരകൾ സ്പർശനത്തിലൂടെയാണ് ആശയവിനിമയം നടത്തുന്നത്. അതുപോലെ തന്നെ തങ്ങളെ ഇരയാക്കുന്ന ജീവികളിൽ നിന്നു രക്ഷനേടാനും ഈ ആകൃതി സഹായിക്കും. ഈർപ്പമേഖലകളിൽ താമസിക്കുന്ന കാലിഫോർണിയ ബ്ലാക്ക് വേം എന്ന മണ്ണിരകൾ വരൾച്ച തുടങ്ങുമ്പോൾ പന്തുകൾ പോലെ ഒരുമിച്ചു ചേരാറുണ്ട്. ഇത്തരം പന്തുകൾക്കുള്ളിൽ അരലക്ഷം മണ്ണിരകൾ വരെയുണ്ടാകുമെന്നാണു കണക്ക്.