
തിരുവനന്തപുരം : സംസ്ഥാനത്ത് എൽ.ഡി.എഫ് സർക്കാരിനെതിരെ നിശബ്ദതരംഗം ഉണ്ടെന്നും യു.ഡി.എഫ് ചരിത്രവിജയം നേടുമെന്നും കേന്ദ്ര ഇ ന്റലിജൻസിന്റെ റിപ്പോർട്ടുണ്ടെന്ന് കോൺഗ്രസ് മുഖപത്രം വീക്ഷണം. സംസ്ഥാനത്ത് 92 മുതൽ 101 സീറ്റ് വരെ യു.ഡി.എഫ് നേടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രഹസ്യാന്വേഷണ വിഭാഗം (ഐ.ബി) റിപ്പോർട്ട് നൽകിയതായാണ് വാർത്തയിൽ പറയുന്നത്.
നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാധ്യതകളെ കുറിച്ച് സൂക്ഷ്മമായി വിലയിരുത്തി തിരഞ്ഞെടുപ്പിന് മുമ്പ് രഹസ്യാന്വേഷണ വിഭാഗം സമർപ്പിച്ചതാണ് റിപ്പോർട്ട്. സമാനമായ കണ്ടെത്തലാണ് പിണറായി സർക്കാരിന് കീഴിലുള്ള സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം സമർപ്പിച്ച റിപ്പോർട്ടിലുമുള്ളത്. 75 മുതൽ 84 വരെ സീറ്റുകൾ യു.ഡി.എഫ് നേടുമെന്നാണ് സംസ്ഥാന ഇന്റലിജൻസിന്റെ റിപ്പോർട്ട്.
റിപ്പോർട്ട് പ്രകാരം നാല് ജില്ലകളിൽ യുഡിഎഫിന് സമ്പൂർണ വിജയമുണ്ടാകുമെന്നും പറയുന്നു. എന്നാൽ ഏതെല്ലാം ജില്ലകളാണെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല. തീരദേശ മേഖലയിലും യുഡിഎഫ് മന്നേറ്റമുണ്ടാക്കും. ബിജെപിക്ക് രണ്ട് സീറ്റ് വരെയാണ് സാധ്യത. അഞ്ച് സീറ്റിൽ ബിജെപി രണ്ടാം സ്ഥാനത്തു വരുമെന്നും വീക്ഷണം റിപ്പോർട്ട് ചെയ്യുന്നു