jif1

ന്യൂഡൽഹി: വിവിധ സേവനങ്ങൾക്ക് ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്ന് ഓട്ടോമാറ്റിക്കായി പണം പിൻവലിക്കപ്പെടുന്ന ഓട്ടോമാറ്റിക് റെക്കറിംഗ് പേമെന്റുകൾക്ക് റിസർവ് ബാങ്ക് പ്രഖ്യാപിച്ച പുതിയ ചട്ടങ്ങൾ നടപ്പാക്കുന്നത് ആറുമാസത്തേക്ക് നീട്ടി. ഇന്നു പ്രാബല്യത്തിൽ വരേണ്ട ചട്ടങ്ങളാണ് ചില ബാങ്കുകളുടെയും എൻ.ബി.എഫ്.സികളുടെയും പേമെന്റ് കമ്പനികളുടെയും അഭ്യർത്ഥനയെ തുടർന്ന് റിസർവ് ബാങ്ക് നീട്ടിയത്.

യൂട്ടിലിറ്റി ബില്ലുകൾ, ഇ.എം.ഐ., ഫോൺ റീചാർജ്, ഒ.ടി.ടി പേമെന്റ്, മ്യൂച്വൽഫണ്ട് എസ്.ഐ.പി നിക്ഷേപം, ഡി.ടി.എച്ച് റീചാർജ് തുടങ്ങിയവയ്ക്ക് ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോമാറ്റിക്കായി പണം പിൻവലിക്കുമ്പോൾ പാലിക്കേണ്ട അഡിഷണൽ ഫാക്‌ടർ ഒഫ് ഓതന്റിക്കേഷൻ (എ.എഫ്.എ) ചട്ടങ്ങൾ നടപ്പാക്കുന്നതാണ് നീട്ടിയത്. പണം പിൻവലിക്കുന്നതിന് മുമ്പ് ഉപഭോക്താവിന്റെ സമ്മതം ബാങ്കുകൾ തേടണമെന്നാണ് പുതിയചട്ടം പറയുന്നത്.

ഇടപാട് ഓട്ടോമാറ്റിക്കായി നടക്കുമെങ്കിലും ഉപഭോക്താവിന്റെ സമ്മതം മുൻകൂർ നേടണം. 5,000 രൂപയ്ക്കുമേലുള്ളതാണ് ഇടപാടെങ്കിൽ ഉപഭോക്താവിന് ഒ.ടി.പി അയയ്ക്കണമെന്നും ചട്ടത്തിലുണ്ട്. 2019 ആഗസ്‌റ്റിലാണ് ഓട്ടോമാറ്റിക് റെക്കറിംഗ് പേമെന്റുകൾക്കുള്ള ചട്ടങ്ങൾ റിസർവ് ബാങ്ക് പ്രാഥമികമായി നടപ്പാക്കിയത്. ഇതുവരെ ഇത് കാർഡുകൾക്കും വാലറ്റുകൾക്കുമായിരുന്നു ബാധകം. കഴിഞ്ഞ ഡിസംബറിൽ ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും പേമെന്റ് ഗേറ്റ്‌വേകൾക്കും ഏപ്രിൽ മുതൽ ചട്ടം എല്ലാ ഓട്ടോമാറ്റിക് റെക്കറിംഗ് ഇടപാടുകൾക്കും നടപ്പാക്കണമെന്ന നിർദേശവും റിസർവ് ബാങ്ക് നൽകി.

ഇന്നുമുതൽ ഈ മാറ്റങ്ങൾ

 പി.എഫ് നികുതി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലെ (ഇ.പി.എഫ്) പ്രതിവർഷ നിക്ഷേപം 2.50 ലക്ഷം രൂപയ്ക്കുമേൽ ആയാൽ അതിന്റെ പലിശയ്ക്ക് ഇന്നുമുതൽ ആദായനികുതി ബാധകം.

 ടി.ഡി.എസ് : രണ്ടുവർഷമായി ആദായനികുതി റിട്ടേൺ സമർപ്പിക്കാത്തവർക്ക് സ്രോതസിൽ നിന്നുള്ള നികുതി (ടി.ഡി.എസ്/ടി.സി.എസ്) എന്നിവ ഉയർത്തി.

 നികുതി റിട്ടേൺ : 75 വയസിനുമേൽ പ്രായമുള്ളവർ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട.