priyanka-gandhi

തൃശ്ശൂർ: രാഹുൽ ഗാന്ധിക്കെതിരെ അശ്ലീല പരാമർശം നടത്തിയ ഇടുക്കി മുൻ എം.പി ജോയിസ് ജോർജിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ജോയ്സ് കേരളത്തിലെ പെണ്‍കുട്ടികളെയും സ്‌ത്രീകളെയും അപമാനിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിയിൽ നിന്നാണോ സി.പി.എം പ്രചാരണം പഠിച്ചത്. ജോയ്സ് ജോർജിന്റെ പരാമർശത്തിന് പിന്നാലെ കേരളത്തിൽ ഉയർന്ന പ്രതിഷേധങ്ങൾ സന്തോഷിപ്പിച്ചുവെന്നും പ്രിയങ്ക പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃശ്ശൂർ തേക്കിൻകാട് മൈതാനിയിലെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവർ.

പ്രധാനമന്ത്രി ബൈബിള്‍ ഉദ്ധരിച്ചത് തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണെന്നും പ്രിയങ്ക വിമര്‍ശിച്ചു. ബൈബിളിലെ വാചകം പരാമർശിച്ച മോദി, കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ടതിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. രാജ്യത്ത് വിഭജനത്തിന്റെ വിത്ത് പാകിയിട്ട് ബൈബിൾ ഉദ്ധരിക്കുന്നത് പൊള്ളയാണ്. കന്യാസ്ത്രീകളെ ആക്രമിച്ചത് മോദിയുടെ സ്വന്തം പാർട്ടിയിലെ യുവ ഗുണ്ടകളാണ്. പൊള്ളയായ പ്രസംഗങ്ങളിൽ മോദി ബൈബിൾ ഉദ്ധരിച്ചത് കൊണ്ട് കാര്യമില്ലെന്നും പ്രിയങ്ക പറഞ്ഞു.